പശുക്കളുടെ അത്ര വില പോലും ഇന്ത്യയിൽ സ്ത്രീകൾക്കില്ല; കത്വ പെൺകുട്ടിക്കായി തുർക്കിയിലും സമരം വ്യാപിക്കുന്നു

തുർക്കിയിലെ അത്താത്തുർക്ക് വിമാനത്താവളത്തിലാണ് പ്രതിഷേധം നടന്നത്

പശുക്കളുടെ അത്ര വില പോലും ഇന്ത്യയിൽ സ്ത്രീകൾക്കില്ല; കത്വ പെൺകുട്ടിക്കായി തുർക്കിയിലും സമരം വ്യാപിക്കുന്നു

കത്വ, ഉന്നാവോ വിഷയത്തിലെ പ്രതിഷേധം ആഗോള തരത്തിൽ വ്യാപിക്കുന്നു. സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്ന ഹാഷ്ടാഗ് പ്രതിഷേധത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് തുർക്കിയിലെ അത്താത്തുർക്ക് വിമാനത്താവളത്തിലാണ് പ്രതിഷേധം നടന്നത്. കേന്ദ്ര സർക്കാരിന്റെ പശു പ്രേമത്തിനെതിരെയും സ്ത്രീകൾക്ക് രാജ്യത്ത് വർധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെയുമുള്ള വാചകങ്ങളെഴുതിയ ടീ ഷർട്ടുകൾ ധരിച്ച് വിമാനത്താവളത്തിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആളുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപിക്കുകയാണ്. ഐ ഓൺ ഇന്ത്യ എന്ന പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.


'നിങ്ങളുടെ സ്ത്രീകളെ ഇന്ത്യയിലേക്കയക്കുന്നത് സൂക്ഷിക്കുക', 'പശുക്കളുടെ അത്ര വില പോലും ഇന്ത്യയിൽ സ്ത്രീകൾക്കില്ല' തുടങ്ങിയ വാച്ചങ്ങളെഴുതിയ ടീഷർട്ടുകൾ ധരിച്ചാണ് പ്രതിഷേധം.

നേരത്തെ കത്വ, ഉന്നാവോ വിഷയത്തിൽ ജപ്പാനിലും പ്രതിഷേധ സ്വരങ്ങളുയർന്നിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ജപ്പാനിലെ ഒട്ടാഷി പാർക്കിൽ പ്രതിഷേധ സം​ഗമം സംഘടിപ്പിച്ചാണ് രാജ്യത്തെ ഇന്ത്യക്കാർ പെൺകുട്ടിയോട് ഐക്യപ്പെട്ടത്.

പെൺകുട്ടിയുടെ ഘാതകർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ വിവിധ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നുവരുന്നതിനിടെയാണ് പ്രക്ഷോഭങ്ങൾ വിദേശ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത്. കൊലയാളികളെ സംരക്ഷിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെയും പ്രതിഷേധം വ്യാപകമാണ്.

Read More >>