60 വർഷം കൊണ്ട് രക്തദാനത്തിലൂടെ രക്ഷിച്ചത് 25 ലക്ഷം കുട്ടികളുടെ ജീവൻ; ഇതാണ് ജെയിംസ് ഹാരിസണിൻ്റെ ജീവിതം

14ആം വയസ്സിൽ നടത്തിയ ഒരു ഓപ്പറേഷനിൽ ഹാരിസണിനെ രക്ഷിച്ചത് ആരൊക്കെയോ നൽകിയ രക്തമായിരുന്നു. അതോടെ താനും ഒരു രക്തദാതാവാകുമെന്ന് ഹാരിസൺ പ്രതിജ്ഞയെടുത്തു.

60 വർഷം കൊണ്ട് രക്തദാനത്തിലൂടെ രക്ഷിച്ചത് 25 ലക്ഷം കുട്ടികളുടെ ജീവൻ; ഇതാണ് ജെയിംസ് ഹാരിസണിൻ്റെ ജീവിതം

ഓസ്ട്രേലിയൻ പൗരനായ ജെയിംസ് ഹാരിസൺ 81 വർഷത്തെ തൻ്റെ ജീവിതത്തിനിടയിൽ മരണത്തിൽ നിന്ന് രക്ഷിച്ചത് 25 ലക്ഷം കുട്ടികളെയാണ്. 60 വർഷത്തോളമായി എല്ലാ ആഴ്ചയും രക്തദാനം നടത്തി വരുന്ന ജെയിംസ് വിരമിച്ചത് ഈയിടെയാണ്. ഒരു യുഗത്തിൻ്റെ തന്നെ അന്ത്യത്തിനാണ് ജെയിംസ് ഹാരിസണിൻ്റെ വിരമിക്കൽ സാക്ഷിയാകുന്നത്. ഓസ്ട്രേലിയൻ റെഡ് ക്രോസ് സൊസൈറ്റിയുടെ കണക്കു പ്രകാരം അദ്ദേഹം രക്ഷിച്ചെടുത്തത് 25 ലക്ഷം കുട്ടികളെയാണ്.

ഹാരിസണിൻ്റെ രക്തത്തിൽ ഉയർന്ന നിലയിലുള്ള രോഗപ്രതിരോധ ശേഷി നൽകുന്ന ഒരു പ്രത്യേക തരം ആൻ്റിബോഡി ഉണ്ട്. ഈ ആൻ്റിബോഡിയിൽ നിന്നാണ് ആൻ്റി-ഡി എന്ന കുത്തിവെപ്പ് വികസിപ്പിച്ചെടുക്കുന്നത്. ഗർഭസ്ഥ ശിശുക്കളെ ബാധിക്കുന്ന മാരകമായ ഒരു അസുഖത്തിനുള്ള മറുമരുന്ന് ആൻ്റി-ഡി എന്ന ഈ കുത്തിവെപ്പാണ്. ഗർഭിണിയുടെ രക്തം ഗർഭസ്ഥ ശിശുവിൻ്റെ രക്തകോശങ്ങളെ ആക്രമിക്കുകയും അതു വഴി ഗർഭസ്ഥ ശിശുവിനെ മരണത്തിലേക്ക് തള്ളി വിടുന്നതുമായ ഒരു രോഗമാണിത്. ഇവിടെയാണ് ഹാരിസൺ രക്ഷകനാവുന്നത്.

14ആം വയസ്സിൽ നടത്തിയ ഒരു ഓപ്പറേഷനിൽ ഹാരിസണിനെ രക്ഷിച്ചത് ആരൊക്കെയോ നൽകിയ രക്തമായിരുന്നു. അതോടെ താനും ഒരു രക്തദാതാവാകുമെന്ന് ഹാരിസൺ പ്രതിജ്ഞയെടുത്തു. ഏതാനും വർഷങ്ങൾക്കു ശേഷം, ഹാരിസണിൻ്റെ രക്തത്തിലുള്ള അപൂർവ്വമായ ആൻ്റിബോഡിയെപ്പറ്റി ഡോക്ടർമാർ മനസ്സിലാക്കി. അതേത്തുടർന്ന് ഹാരിസൺ ആഴ്ച തോറും രക്തദാനം നത്തി വരികയാണ്.

എന്തു കൊണ്ടാണ് ഹാരിസണിൻ്റെ രക്തത്തിൽ ഈ ആൻ്റിബോഡി ഉള്ളതെന്ന് ഡോക്ടർമാർക്ക് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. 14ആം വയസ്സിൽ നടത്തിയ ഓപ്പറേഷൻ മൂലമാവാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഓസ്ട്രേലിയയിൽ തന്നെ ഇത്തരം സവിശേഷതയുള്ളവർ 50ൽ താഴെ മാത്രമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്തായാലും ഹാരിസൺ ഇന്ന് ഓസ്ട്രേലിയയുടെ ദേശീയ ഹീറോയാണ്. രാജ്യത്തെ ഏറ്റവും വിലപിടിച്ച പുരസ്കാരമായ മെഡൽ ഓഫ് ഓർഡർ ഉൾപ്പെടെ ഒരുപിടി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. 81 വയസ്സിനു ശേഷം രക്തദാനം ചെയ്യാൻ പാടില്ല എന്ന രാജ്യത്തിൻ്റെ നിയമം മാത്രമാണ് ഹാരിസണിനെ വിരമിക്കാൻ നിർബന്ധിതനാക്കിയത്. ഇത്തരം ആൻ്റിബോഡികൾ ഉള്ളവർ രക്തദാനത്തിനു തയ്യാറായി വരുമെന്ന് തന്നെയാണ് അദ്ദേഹത്തിൻ്റെ പ്രതീക്ഷ.