ഫാദര്‍ ഉഴുന്നാലിലിന്റെ മോചനത്തിന് വഴിതുറന്നത് മൊസാദ്; ഒമാനെ ദൗത്യമേല്‍പ്പിച്ചത് ഇറ്റലി: വിജയം കണ്ടത് ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ജെഫേ ബീച്ചില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടയില്‍ ഫാദര്‍ ടോമിന്റെ വിമോചനം അനൗദ്യോഗികമായി ചര്‍ച്ചയില്‍ വന്നുവെന്നും തുടര്‍ന്ന് നെതന്യാഹു മൊസാദ് തലവനെ വിളിച്ചു വരുത്തി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും വാര്‍ത്തകളുണ്ട്

ഫാദര്‍ ഉഴുന്നാലിലിന്റെ മോചനത്തിന് വഴിതുറന്നത് മൊസാദ്; ഒമാനെ ദൗത്യമേല്‍പ്പിച്ചത് ഇറ്റലി: വിജയം കണ്ടത് ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം

കത്തോലിക്കാസഭയുടെ സലേഷ്യന്‍ പാതിരിയുടെ മോചനത്തിന് വഴിതുറന്നത് ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇടപെടല്‍. 18 മാസത്തെ തടവ് ജീവിതത്തിന്നു ശേഷം ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനാകുമ്പോഴും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെ കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ഒമാനിന്റെ ഇടപെടലാണ് ഫാദറിന്റെ മോചനത്തിന് വഴിതുറന്നത് എന്നു പൊതുവേ വിവരിക്കപ്പെടുമ്പോഴും ഇക്കാര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തിയ നയതന്ത്ര നീക്കങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയാണ്.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫാദര്‍ ടോമിനെ മോചിപ്പിക്കാന്‍ പല വഴികളും കേന്ദ്രസര്‍ക്കാര്‍ ആരാഞ്ഞിരുന്നുവെങ്കിലും അവയൊന്നും ഫലം കണ്ടിരുന്നില്ല. അവിടേക്ക് എത്തിപ്പെടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല. ഇക്കാര്യം മുന്‍നിര്‍ത്തി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ബന്ധപെട്ടുവെങ്കിലും നിരാശയായിരുന്നു ഫലം. ഐസിസുമായി ബന്ധപ്പെട്ട യാതൊന്നിലും തങ്ങള്‍ ഇടപെടില്ല എന്ന് അറിയിച്ച് അവര്‍ ഇന്ത്യയെ ഇക്കാര്യത്തില്‍ സഹായിക്കുന്നതില്‍നിന്നു പിന്മാറി. യുദ്ധം ചെയ്യുന്ന ഒരു കൂട്ടരുമായി ഒരുവിധ ബന്ധവും തങ്ങള്‍ക്കില്ലെന്നായിരുന്നു അവരുടെ നയം.

തുടര്‍ന്ന്, ഈജിപ്ത് ഭരണകൂടവുമായി കേന്ദ്ര വിദേശമന്ത്രാലയം ബന്ധപ്പെട്ടു. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനും സമാന ആവശ്യവുമായി പല യൂറോപ്യന്‍/ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി. മിഡില്‍ ഈസ്റ്റ് നയതന്ത്ര ആസ്ഥാനങ്ങള്‍ പക്ഷെ ഇക്കാര്യത്തില്‍ ഇന്ത്യക്ക് ശുഭസൂചകമായ നിലപാടുകളല്ല സ്വീകരിച്ചത്. അറബ് രാജ്യങ്ങള്‍ ഐസിസുമായി ഒരു വിധ ചര്‍ച്ചകള്‍ക്കും തയാറല്ല എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെ ഫാദര്‍ ടോമിന്റെ മോചനം ഏതാണ്ട് അസാധ്യമായി തന്നെ തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ പിന്‍വാതിലിലൂടെ ഒരു ശ്രമം തുടങ്ങിയത്. മൊസാദാണ് ഐഎസ്‌ഐഎസിനെ വളര്‍ത്തിയത് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. പലസ്തീന്‍, ജോര്‍ദ്ദാന്‍, സിറിയ എന്നിവിടങ്ങില്‍ ഇസ്രയേലിന്റെ മൂന്നു ചുറ്റിലും ഐഎസ്‌ഐസ് ക്യാമ്പുകള്‍ ഉണ്ടായിട്ടും ഇതേവരെ ഭീഷണി നേരിട്ടിട്ടില്ല. ലോകരാജ്യങ്ങള്‍ അസാധ്യമെന്നു എഴുതിത്തള്ളിയ, ഉഴുന്നാലിന്റെ മോചനം അവര്‍ ഏറ്റെടുത്തതോടെ വത്തിക്കാന്‍ പ്രതിനിധികള്‍ മൊസാദുമായും അതിനാവശ്യമായ സാമ്പത്തിക ഇടപാടുകളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ ശക്തമാക്കി. ഈ നീക്കങ്ങള്‍ ഫലം കണ്ടെന്നു വേണം കരുതാന്‍. സ്ഥിതിഗതികള്‍ പുരോഗമിച്ചതോടെ ഒരിക്കലും നടക്കില്ല എന്നു കരുതിയിരുന്ന ഫാദര്‍ ടോമിന്റെ വിമോചനം സാധ്യമായി.

ഏതു രാജ്യത്തിലേക്കാണ് ഫാദറിനെ മോചിപ്പിക്കുക എന്നതായി അടുത്ത ചോദ്യം. വത്തിക്കാനു വേണ്ടി ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ അതില്‍ ഒമാന്‍ തിരഞ്ഞെടുത്തു. തുടര്‍ന്ന്, ഒമാന്‍ ഭരണാധികാരി 'റോയല്‍ എയര്‍ഫോഴ്സ് ഒമാന്‍' വിമാനം ചാര്‍ട്ടര്‍ ചെയ്തു ഫാദറിനെ സ്വീകരിക്കാന്‍ തയ്യാറെടുത്തു. ഇറ്റാലിയന്‍ എംബസി ഉദ്യോസ്ഥരും ഒമാന്‍ അധികൃതകരും ചേര്‍ന്നാണ് ഫാ. ഉഴുന്നാലിനെ സ്വീകരിച്ചത്. വിശ്രമിച്ചത് ഇറ്റാലിയന്‍ എംബസിയിലും. ഏകേദശം രണ്ടു ലക്ഷം അമേരിക്കന്‍ ഡോളറാണ് ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി നല്‍കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ജെഫേ ബീച്ചില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടയില്‍ ഫാദര്‍ ടോമിന്റെ വിമോചനം അനൗദ്യോഗികമായി ചര്‍ച്ചയില്‍ വന്നുവെന്നും തുടര്‍ന്ന് നെതന്യാഹു മൊസാദ് തലവനെ വിളിച്ചു വരുത്തി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും വാര്‍ത്തകളുണ്ട്.

ഏതൊക്കെ കാര്യങ്ങളില്‍ ധാരണയില്‍ എത്തണമെന്നും മോചനദ്രവ്യത്തെ സംബന്ധിച്ചുള്ള വ്യക്തതയും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തിരികെ ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രിക്ക് ഈ ചര്‍ച്ചകളെ അടിസ്ഥാനമാക്കിയ നയതന്ത്ര കൂടിയാലോചനകളാണ് വേണ്ടിയിരുന്നത്. ഏതായാലും, ഫാദര്‍ ടോം ഉഴുന്നാലില്‍ ജന്മനാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തടസ്സപ്പെടാത്ത പിന്‍വാതില്‍ ചര്‍ച്ചകള്‍ ഏറെ നടന്നിരിക്കുന്നു എന്ന് സുവ്യക്തം.

Read More >>