ഇസ്ലാമോഫോബിയ ചൈനയിലും! മുസ്ലിം ഭൂരിപക്ഷ മേഖലയായ സിൻജിയാങിൽ ഡിഎൻഏ സാന്പിളുകൾ ശേഖരിക്കാനുള്ള നീക്കം

ഉയ്ഘറുകള്‍ക്കിടയിലെ മതതീവ്രവാദം നേരിടാനായി ചൈനീസ് അധികൃതര്‍ പലവഴികളിലൂടേയും ശ്രമിക്കുന്നുണ്ട്. വാഹനങ്ങളില്‍ സാറ്റലൈറ്റ് ട്രാക്കിംഗ് സിസ്റ്റം നിര്‍ബന്ധമാക്കുക, തീവ്രവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു സമ്മാനം, സ്ത്രീകള്‍ ശിരോവസ്ത്രം അണിയുന്നതിനുള്ള വിലക്ക്, ആണുങ്ങള്‍ താടി വളര്‍ത്തുന്നതു നിരോധിക്കല്‍ എന്നിങ്ങനെ പല നിയന്ത്രണങ്ങളും ഉയ്ഘറുകളില്‍ നടപ്പിലാക്കുന്നുണ്ട്.

ഇസ്ലാമോഫോബിയ ചൈനയിലും! മുസ്ലിം ഭൂരിപക്ഷ മേഖലയായ സിൻജിയാങിൽ ഡിഎൻഏ സാന്പിളുകൾ ശേഖരിക്കാനുള്ള നീക്കം

ചൈനയിലെ മുസ്ലീംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായ സിന്‍ജിയാങില്‍ തദ്ദേശീയരുടെ ഡിഎന്‍ഏ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ ആരംഭിച്ചയായി ബ്രിട്ടീഷ് പത്രമായ ഇന്‍ഡിപെന്‍ഡന്‌റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിന്‍ജിയാങ് പ്രവിശ്യയിലെ പൊലീസും വാര്‍ത്ത ശരിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 8.7 ദശലക്ഷം ഡോളര്‍ വില വരുന്ന ഉപകരണങ്ങളാണു ചൈന ഇതിനായി വാങ്ങുന്നത്.

സിന്‍ജിയാങ് പ്രവിശ്യയിലെ രാഷട്രീയപരമായ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണു ഡിഎന്‍ഏ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ നിരീക്ഷകര്‍ പറയുന്നു. മദ്ധ്യേഷ്യയിലെ അസ്വാരസ്യങ്ങള്‍ നിറഞ്ഞ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണു സിന്‍ജിയാങ്. മംഗോളിയ, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ജിസ്ഥാന്‍, താജികിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുമായി സിൻജിയാങ് അതിർത്തി പങ്കിടുന്നുണ്ട്.

അവിടെയുള്ള ഉയ്ഘര്‍ വംശജര്‍ ആക്രമണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുന്ന് ആരോപണങ്ങള്‍ ഉയരാറുണ്ട്. അത്തരം ഒരു ആക്രമണത്തില്‍ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പിഷാന്‍ കൗണ്ടിയില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണു ചൈനീസ് അധികൃതര്‍ സിന്‍ജിയാങ് വാസികളോടു ഡിഎന്‍ഏ സാമ്പിളുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നത്. വിരലടയാളവും ശബ്ദലേഖനവും എല്ലാം നല്‍കിയാലേ പാസ്‌പോര്‍ട്ടും വിദേശയാത്രാനുമതിയും ലഭിക്കുകയുള്ളൂ.

ഉയ്ഘറുകള്‍ക്കിടയിലെ മതതീവ്രവാദം നേരിടാനായി ചൈനീസ് അധികൃതര്‍ പലവഴികളിലൂടേയും ശ്രമിക്കുന്നുണ്ട്. വാഹനങ്ങളില്‍ സാറ്റലൈറ്റ് ട്രാക്കിംഗ് സിസ്റ്റം നിര്‍ബന്ധമാക്കുക, തീവ്രവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു സമ്മാനം, സ്ത്രീകള്‍ ശിരോവസ്ത്രം അണിയുന്നതിനുള്ള വിലക്ക്, ആണുങ്ങള്‍ താടി വളര്‍ത്തുന്നതു നിരോധിക്കല്‍ എന്നിങ്ങനെ പല നിയന്ത്രണങ്ങളും ഉയ്ഘറുകളില്‍ നടപ്പിലാക്കുന്നുണ്ട്.

ചൈനയില്‍ ഇസ്ലാമോഫോബിയ പടരുന്നതിന്‌റെ ലക്ഷണമായി ഈ പുതിയ നീക്കത്തിനെ കാണാവുന്നതാണ്. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ചൈനയിലില്ല എന്നതും ഡിഎന്‍ഏ ശേഖരണത്തിനു തടസ്സമാകുന്നില്ല.

ഉയ്ഘൂര്‍ സമൂഹത്തില്‍ മുസ്ലീം വംശജര്‍ക്കാണു മുന്‍തൂക്കം കൂടുതല്‍. വംശീയകലാപങ്ങള്‍ സിന്‍ജിയാങില്‍ ആക്രമസംഭവങ്ങള്‍ക്കു കാരണമാകുന്നു എന്നാണു പറയപ്പെടുന്നത്. ചൈനീസ് ഭരണകൂടം ഉയ്ഘൂര്‍ സമൂഹത്തിനെ അടിച്ചമര്‍ത്തുന്നതും കലാപങ്ങള്‍ക്കു വഴി തെളിയ്ക്കുന്നുണ്ടെന്നും ആക്റ്റിവിസ്റ്റുകള്‍ പറയുന്നു.

ഇങ്ങനെയൊരു അവസരത്തില്‍ ഡിഎന്‍ഏ സാമ്പിളുകള്‍ ശേഖരിക്കാനുള്ള ചൈനീസ് അധികൃതരുടെ പുറപ്പാട് പുതിയ വിവാദങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.