ഭീകരന്‍മാരെ അടിച്ചമര്‍ത്തിയില്ലെങ്കിൽ പാക്കിസ്ഥാനിൽ ആക്രമണം നടത്തുമെന്ന് ഇറാൻ

പാക്കിസ്ഥാൻ അതിര്‍ത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 10 ഇറാനിയൻ സൈനികരെ കഴിഞ്ഞ മാസം പാക്ക് ഭീകരർ കൊലപ്പെടുത്തിയിരുന്നു.

ഭീകരന്‍മാരെ അടിച്ചമര്‍ത്തിയില്ലെങ്കിൽ പാക്കിസ്ഥാനിൽ ആക്രമണം നടത്തുമെന്ന് ഇറാൻ

അതിര്‍ത്തിയില്‍ തങ്ങളുടെ സൈനികരെ ആക്രമിക്കുന്ന സുന്നി ഭീകരന്‍മാരെ അടിച്ചമര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ഭീകരരുടെ താവളങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ സായുധ സേനകളുടെ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരിയാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 10 ഇറാനിയന്‍ സൈനികരെ കഴിഞ്ഞ മാസം പാക്ക് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.

പാക്കിസ്ഥാനിലെ ഒളിത്താവളത്തില്‍ നിന്നാണ് ജെയ്ഷ് അല്‍ ആദില്‍ എന്ന സുന്നി തീവ്രവാദി സംഘടനയിലെ അംഗങ്ങള്‍ സൈനികരെ വെടിവച്ചുകൊന്നത്. അതിര്‍ത്തി വഴി നടക്കുന്ന മയക്കുമരുന്ന് കള്ളക്കടത്തും ഇറാനെ പ്രകോപിപ്പിപ്പിച്ചിട്ടുണ്ട്. ''നിലവിലെ സാഹചര്യം തുടരുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല'' മുഹമ്മദ് ബഖേരി പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരന്‍മാരെ അറസ്റ്റു ചെയ്യുകയും അവരുടെ താവളങ്ങള്‍ നശിപ്പിക്കുകയുമാണ് പാക്കിസ്ഥാന്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ''തീവ്രവാദികള്‍ ആക്രമണം തുടരുകയാണെങ്കില്‍ അവരുടെ ക്യാമ്പ് ആക്രമിക്കും'' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച പാക്കിസ്ഥാന്‍ സന്ദര്‍ശനം നടത്തവേ അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തോട് പ്രതികരിച്ച പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിക്കുമെന്ന് ഇറാന് ഉറപ്പു നല്‍കിയിരുന്നു.