ട്രംപിന്റെ വഴിയ്ക്ക് ഇന്ത്യൻ ഐറ്റി കമ്പനികൾ; ഇൻഫോസിസ് അമേരിക്കക്കാരെ നിയമിച്ചു തുടങ്ങി

പ്രസിഡന്റ് ട്രംപിന്റെ വിസാ പരിഷ്കാരങ്ങൾ കാരണം ഐറ്റി കമ്പനികൾക്ക് തങ്ങളുടെ തൊഴിലാളികളെ അമേരിക്കയിലേയ്ക്ക് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ അവർ തദ്ദേശീയരെ നിയമിക്കുകയാണ്.

ട്രംപിന്റെ വഴിയ്ക്ക് ഇന്ത്യൻ ഐറ്റി കമ്പനികൾ; ഇൻഫോസിസ് അമേരിക്കക്കാരെ നിയമിച്ചു തുടങ്ങി

അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്‌റെ പുതിയ വിസ നയങ്ങളോട് ഇന്ത്യയിലെ പ്രധാന ഐറ്റി കമ്പനിയായ ഇന്‍ഫോസിസ് സമരസപ്പെട്ടെന്നു റിപ്പോര്‍ട്ട്. വരുന്ന രണ്ടു വര്‍ഷങ്ങളില്‍ ഇന്‍ഫോസിസ് 10,000 അമേരിക്കക്കാരെ ജോലിയ്‌ക്കെടുക്കുമെന്നാണ് അറിയുന്നത്. അമേരിക്കയില്‍ നാല് ടെക്നോളജി ഹബ്ബുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.

പുതിയ നിയമനങ്ങളും ഹബ്ബുകളും ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ്, മെഷീന്‍ ലേണിംങ്, ക്ലൗഡ്, ബിഗ് ഡാറ്റ പോലെയുള്ള സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു നീക്കം.

വരുന്ന ഓഗസ്റ്റില്‍ ഇന്ത്യാനയില്‍ ആരംഭിക്കാനിരിക്കുന്ന ആദ്യത്തെ ഹബ്ബില്‍ 2021 ആകുമ്പോഴേയ്ക്കും 2, 000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് ഇന്‍ഫോസിസ് സിഇഓ വിശാല്‍ സിക്ക പറഞ്ഞു. മറ്റു മൂന്നു ഹബ്ബുകള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തീരുമാനിക്കും.

ഈ ഹബ്ബുകള്‍ ടെക്‌നോളജിയില്‍ പരിശീലനം നല്‍കുക മാത്രമായിരിക്കില്ല ചെയ്യുക. സാമ്പത്തിക സേവനങ്ങള്‍, ഉല്പാദനം, ആരോഗ്യം, ഊര്‍ജ്ജം, ചില്ലറവ്യാപാരം തുടങ്ങിയ രംഗങ്ങളില്‍ ക്ലയന്‌റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള പരിശീലനവും നല്കും.

2016-17 സാമ്പത്തികവര്‍ഷത്തിൽ ഇന്‍ഫോസിസിനു 10.2 ലക്ഷം കോടി ഡോളറിന്‌റെ വരുമാനമാണുണ്ടായത്. ഇതില്‍ 60 ശതമാനവും വടക്കേ അമേരിക്കന്‍ വിപണിയില്‍ നിന്നുമായിരുന്നു.

ഈ പുതിയ നീക്കങ്ങള്‍ വിസ പരിഷ്‌കാരങ്ങളെ നേരിടാന്‍ വേണ്ടി മാത്രമല്ലെന്നു സിക്ക പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ്, വിര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവ ഉപയോഗിക്കുന്നതില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നു സിക്ക പറയുന്നു.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി അമേരിക്ക ഉള്‍പ്പടെയുള്ള വിപണികളില്‍ സംരക്ഷണവാദത്തിനു നല്ല പിന്തുണയാണു ലഭിക്കുന്നത്. തദ്ദേശീയരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനും വിദേശികളെ വിലക്കാനുമുള്ള പ്രവണത അധികരിച്ചിട്ടുണ്ട്.

എച്ച് 1 ബി വിസയുടെ സിംഹഭാഗവും കൈവശപ്പെടുത്തുത് ഇന്‍ഫോസിസും റ്റാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ലോട്ടറി സിസ്റ്റത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഇട്ട് ശരിയല്ലാത്ത രീതിയില്‍ അവര്‍ വിസ നേടുന്നു എന്നാണ് അരോപണം.

പുതിയ വിസാ നിയനം കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കൂട്ടുക മാത്രമല്ല ചെയ്യുന്നത്. അവരുടെ വിദഗ്ധതൊഴിലാളികളെ കൊണ്ടുപോകുന്നതിനും തടസ്സമുണ്ട്. ഇപ്പോള്‍ കമ്പനികള്‍ ചെയ്യുന്നത് വിസയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വിദേശത്തു കൂടുതല്‍ തദ്ദേശീയരെ നിയമിക്കുകയുമാണ്.

പേറോളില്‍ ഇപ്പോള്‍ രണ്ടു ലക്ഷത്തിലധികം അംഗങ്ങളുള്ള ഇന്‍ഫോസിസ് സിക്കയുടെ കീഴില്‍ രണ്ടായിരത്തിലധികം തൊഴിലാളികളെ അമേരിക്കയില്‍ നിയമിച്ചു കഴിഞ്ഞു.

Read More >>