ജര്‍മനിയിലെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയോട് നഗ്നയാകാന്‍ ആവശ്യപ്പെട്ടു; വംശീയാധിക്ഷേപമെന്ന് ആരോപണം

ആറു വര്‍ഷമായി ജര്‍മനിയില്‍ താമസിക്കുന്ന തനിക്ക് നേരെ നടന്നത് വംശീയാധിക്ഷേപമാണെന്ന് ശ്രുതി ആരോപിച്ചു.

ജര്‍മനിയിലെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയോട് നഗ്നയാകാന്‍ ആവശ്യപ്പെട്ടു; വംശീയാധിക്ഷേപമെന്ന് ആരോപണം

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വനിതയ്ക്ക് അപമാനം. സുരക്ഷാപരിശോധനയുടെ പേരില്‍ വസ്ത്രമഴിക്കാനാണ് ബംഗളുരു സ്വദേശിയോട് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഈ മാസം 29നാണ് 30കാരിയായ യുവതിയ്ക്ക് അപമാനം നേരിട്ട സംഭവമുണ്ടായത്.

ബംഗളുരുവില്‍ നിന്ന് യാത്ര പുറപ്പെട്ട് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെത്തിയപ്പോഴാണ് ശ്രുതി ബാസപ്പ എന്ന യുവതിയ്ക്ക് ഈ ദുരനുഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് യുവതി ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചിട്ടുണ്ട്. സുരക്ഷാ നടപടിയുടെ പേരില്‍ ഒരു തവണ ശരീരം സ്‌കാന്‍ ചെയ്ത ശേഷവും ഇവരെ പോകാന്‍ അനുവദിക്കാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയായിരുന്നത്രേ.

തനിക്ക് വയറിന് ഈയിടെ ശസ്ത്രക്രിയ നടത്തിയതായി അറിയിച്ച ശ്രുതി അതുസംബന്ധിച്ച രേഖകള്‍ കാണിച്ചെങ്കിലും ഇവരെ പോകാനനുവദിക്കാതെ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീടാണ് ഇവരോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് തയ്യാറാകില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന ശ്രുതി ഐസ്‌ലാന്‍ഡ് സ്വദേശിയായ ഭര്‍ത്താവിനെ ഫോണില്‍ വിവരമറിയിച്ചു. വിമാനത്താവളത്തിലെത്തിയ ഭര്‍ത്താവിനെ കണ്ടതോടെ ഉദ്യോഗസ്ഥര്‍ നിലപാട് മാറ്റിയതായി ഇവര്‍ പറയുന്നു. ആറു വര്‍ഷമായി ജര്‍മനിയില്‍ താമസിക്കുന്ന തനിക്ക് നേരെ നടന്നത് വംശീയാധിക്ഷേപമാണെന്ന് ശ്രുതി ആരോപിച്ചു. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.

Read More >>