മല്യയെ വിട്ടുകിട്ടാൻ ഇന്ത്യൻ സംഘം ലണ്ടനിൽ

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണു ലണ്ടനില്‍ എത്തിയിട്ടുള്ളത്. മല്യയ്‌ക്കെതിരേയുള്ള കോടതിയിലെ കേസ് ശക്തമാക്കുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ സംഘത്തെ അയച്ചത്.

മല്യയെ വിട്ടുകിട്ടാൻ ഇന്ത്യൻ സംഘം ലണ്ടനിൽ

ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനിലേയ്ക്കു മുങ്ങിയ വിജയ് മല്യയെ വിട്ടുകിട്ടാനുള്ള ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ സംഘം ലണ്ടനിലെത്തി. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണു ലണ്ടനില്‍ എത്തിയത്.

സിബിഐ അഡീഷണല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം മല്യയുടെ വായ്പാ കേസുകള്‍ നിരത്തി ബ്രിട്ടീഷ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തും.

മല്യയെ ഇന്ത്യയ്ക്കു വിട്ടുകിട്ടുന്ന കാര്യം ഇപ്പോള്‍ ബ്രിട്ടീഷ് കോടതിയുടെ പരി​ഗണനയിലാണുള്ളത്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ അവിടെ നേരിട്ടുള്ള പാര്‍ട്ടികളല്ല. ലണ്ടനിലെ ഇന്ത്യന്‍ ഏജന്‍സികള്‍ ആയിരിക്കും ബ്രിട്ടീഷ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് ആവശ്യമായ കേസ് രേഖകള്‍ നല്‍കുക. മല്യയ്‌ക്കെതിരേയുള്ള കോടതിയിലെ കേസ് ശക്തമാക്കുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ സംഘത്തെ അയച്ചത്.

കഴിഞ്ഞമാസം 18നു മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കകം ജാമ്യം നേടിയെങ്കിലും മെയ് 17 ന് ലണ്ടന്‍ കോടതി വാദം കേള്‍ക്കുമെന്ന് അറിയുന്നു. 9,000 കോടി രൂപയോളമാണു വിവിധ ഇന്ത്യന്‍ ബാങ്കുകള്‍ക്കു മല്യ നല്‍കാനുള്ളത്.

ഐഡിബിഐ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ എന്നിവ കൊടുത്ത രണ്ട് കേസുകളാണ് സിബിഐയുടെ പക്കലുള്ളത്. മല്യയെ വിട്ടു കിട്ടാനായുള്ള നടപടികള്‍ ഏറെയാണ്. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണോ വേണ്ടയോയെന്ന ജഡ്ജിയുടെ തീരുമാനവും അതില്‍ ഉള്‍പ്പെടും.

അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയാണെങ്കില്‍ പ്രതിയെ കോടതിയില്‍ വിചാരണ ചെയ്ത ശേഷമേ വിട്ടുകൊടുക്കാനുള്ള അപേക്ഷ പരിഗണിക്കുകയുള്ളൂ. സുപ്രീം കോടതി വരെ പോകാനുള്ള അവകാശം പ്രതിയ്ക്കുണ്ടാകും.

നാടുകടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റിനു നാല് കാര്യങ്ങളാണ് പരിഗണിക്കാനുള്ളത്. പ്രതിക്കു വധശിക്ഷ ലഭിക്കാനുള്ള സാധ്യത, പ്രത്യേക സൗകര്യങ്ങളുടെ ലഭ്യത, അയാളെ ഇതിനുമുമ്പ് വേറെയേതെങ്കിലും രാജ്യത്തു നിന്നും ലണ്ടനിലേയ്ക്ക് നാടുകടത്തിയിട്ടുണ്ടോ എന്നത്, അങ്ങിനെയുണ്ടെങ്കില്‍ ആ രാജ്യത്തിന്റെ സമ്മതം എന്നിവയാണവ.

Read More >>