ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ പുറത്താക്കിയത് ട്രംപ് മന്ത്രിസഭാംഗത്തിനെതിരെ അന്വേഷണം നടത്തിയതിനെന്ന് റിപ്പോര്‍ട്ട്

ട്രംപ് ഭരണകൂടം വന്ന ശേഷം നടത്തുന്ന പ്രതികാര നടപടികളുടെ ഭാഗമായാണ് കഴിഞ്ഞയാഴ്ച പ്രീത് അടക്കം ഒബാമ ഭരണകൂടം നിയമിച്ച 45 അറ്റോര്‍ണിമാരെ പുറത്താക്കിയത്.

ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ പുറത്താക്കിയത് ട്രംപ് മന്ത്രിസഭാംഗത്തിനെതിരെ അന്വേഷണം നടത്തിയതിനെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ വംശജനായ അറ്റോര്‍ണി പ്രീത് ഭരാരെയെ പുറത്താക്കിയത് ട്രംപ് കാബിനറ്റിലെ ഒരു മന്ത്രിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതിനെന്ന് വെളിപ്പെടുത്തല്‍. ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി ടോം പ്രൈസിനെതിരെയുള്ള അഴിമതിയാരോപണങ്ങളെക്കുറിച്ച് പ്രീത് അന്വേഷണം നടത്തിവരികയായിരുന്നെന്ന് ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രോ പബ്ലിക്ക എന്ന അന്വേഷണാത്മക മാധ്യമ സ്ഥാപനം പറഞ്ഞു.അതേസമയം ഈ ആരോപണങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

ട്രംപ് ഭരണകൂടം വന്ന ശേഷം നടത്തുന്ന പ്രതികാര നടപടികളുടെ ഭാഗമായാണ് കഴിഞ്ഞയാഴ്ച പ്രീത് അടക്കം ഒബാമ ഭരണകൂടം നിയമിച്ച 45 അറ്റോര്‍ണിമാരെ പുറത്താക്കിയത്. രാജി ആവശ്യം നിരസിച്ചപ്പോഴാണ് പ്രീതിനെ പുറത്താക്കിയത്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് ടവറില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്നെ എന്തുവിലകൊടുത്തും നിലനിര്‍ത്തുമെന്ന് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് പ്രീത് പുറത്താക്കപ്പെട്ട വേളയില്‍ പറഞ്ഞിരുന്നു.

കളങ്കിതരല്ലാത്ത ഫെഡറല്‍ അറ്റോര്‍ണിമാരെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രീതിനെ പുറത്താക്കിയതെന്ന് ട്രംപിന്റെ മുഖ്യ ഉപദേശകന്‍ സ്റ്റീഫന്‍ ബാനന്‍, അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.