ഇന്ത്യന്‍ വംശജനായ ഫെഡറല്‍ പ്രോസിക്യൂട്ടറെ അമേരിക്ക പിരിച്ചുവിട്ടു

ഒബാമ ഭരണകൂടം നിയമിച്ച പ്രീത് ഭരാര എന്ന പ്രശസ്ത അഭിഭാഷകനാണ് ട്രംപിന്റെ പ്രതികാര നടപടികളുടെ ഭാഗമായി പുറത്തായത്.

ഇന്ത്യന്‍ വംശജനായ ഫെഡറല്‍ പ്രോസിക്യൂട്ടറെ അമേരിക്ക പിരിച്ചുവിട്ടു

ട്രംപ് ഭരണകൂടം തുടരുന്ന പ്രതികാര നടപടികളുടെ അവസാനത്തെ ഇരയായി ഇന്ത്യന്‍ വംശജനായ അമേരിക്കയിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍. പ്രീത് ഭരാര എന്ന രാജ്യത്തെ അറിയപ്പെടുന്ന അഭിഭാഷകനെയാണ് അമേരിക്ക പുറത്താക്കിയത്. സ്വയം പിരിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം അനുസരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. ഒബാമ ഭരണകൂടം നിയോഗിച്ച അഭിഭാഷകരെ പുറത്താക്കുന്ന നടപടികളുടെ ഭാഗമായാണ് പ്രീതിനെ പിരിച്ചുവിട്ടത്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് ടവറില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്നെ എന്തുവിലകൊടുത്തും നിലനിര്‍ത്തുമെന്ന് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് പ്രീത് പറഞ്ഞു. കളങ്കിതരല്ലാത്ത ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രീതിനെ പുറത്താക്കിയതെന്ന് ട്രംപിന്റെ മുഖ്യ ഉപദേശകന്‍ സ്റ്റീഫന്‍ ബാനന്‍, അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.


ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ഡാന ബോന്റെ കഴിഞ്ഞ വെള്ളിയാഴ്ച ഒബാമ ഭരണകൂടം നിയമിച്ച പ്രീത് അടക്കമുള്ള 46 പ്രോസിക്യൂട്ടര്‍മാരോട് അന്ന് വൈകുന്നേരത്തോടെ രാജി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഡാന ബോന്റെ ഫോണില്‍ ബന്ധപ്പെട്ട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രീത് അത് നിരാകരിച്ചു. ഇതോടെയാണ് പുറത്താക്കല്‍ നടപടിയുണ്ടായത്.