ഉത്തര കൊറിയയെ തഴഞ്ഞ് ഇന്ത്യയും; സൈനികർക്ക് ഭാഷാപരീശീലനം നൽകുന്നത് നിർത്തി

2008 മുതല്‍ ഉത്തരകൊറിയന്‍ സൈനികര്‍ക്ക് ഇന്ത്യന്‍ മിലിറ്ററി സ്‌കൂളില്‍ ഭാഷാപരിശീലനം നല്‍കി വരുന്നുണ്ട്. മഹാരാഷ്ട്രയിലെ പചമാരിയിലുള്ള ആര്‍മി സെന്‌റര്‍ ഓഫ് എജ്യുക്കേഷനിലാണു പരിശീലനം നല്‍കിയിരു ന്നത്.

ഉത്തര കൊറിയയെ തഴഞ്ഞ് ഇന്ത്യയും; സൈനികർക്ക് ഭാഷാപരീശീലനം നൽകുന്നത് നിർത്തി

ഉത്തരകൊറിയന്‍ സൈനികര്‍ക്കുള്ള ഭാഷാപരിശീലനം നിര്‍ത്തി വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച ഗസറ്റില്‍ ഇന്ത്യ അറിയിച്ചു. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്യോങ് യാങിനെതിരേയുള്ള വിജ്ഞാപനപ്രകാരമാണ് ഇന്ത്യ ഉത്തരകൊറിയയുമായുള്ള സൈനികപരിശീലനപരിപാടികളില്‍ നിന്നും പിന്‍മാറുന്നത്. 2008 മുതല്‍ ഉത്തരകൊറിയന്‍ സൈനികര്‍ക്ക് ഇന്ത്യന്‍ മിലിറ്ററി സ്‌കൂളില്‍ ഭാഷാപരിശീലനം നല്‍കി വരുന്നുണ്ട്. മഹാരാഷ്ട്രയിലെ പചമാരിയിലുള്ള ആര്‍മി സെന്‌റര്‍ ഓഫ് എജ്യുക്കേഷനിലാണു പരിശീലനം നല്‍കിയിരുന്നത്.

അതേസമയം,സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സാമഗ്രികള്‍, മരുന്നും ആഹാരവും ഒഴികെ, ഉത്തരകൊറിയയ്ക്കു നല്‍കുന്നതും ഇന്ത്യ നിര്‍ത്തിവച്ചതായി ഏപ്രില്‍ 21 ലെ ഗസറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സൈനിക, പൊലീസ് ആവശ്യങ്ങള്‍ക്കായി പരിശീലകര്‍, ഉപദേഷ്ടാക്കള്‍, മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സ്വീകരിക്കുന്നതും പരിശീലനം നല്‍കുന്നതും നിര്‍ത്തിയതായി ഗസറ്റില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്മാര്‍ ആണവസംബന്ധമായ വസ്തുക്കളോ സാങ്കേതികവിദ്യകളോ ഒന്നും തന്നെ ഉത്തര കൊറിയയ്ക്കു നല്‍കാന്‍ പാടില്ലെന്നും ഗസറ്റില്‍ അറിയിക്കുന്നു.

ഉത്തരകൊറിയയുടെ സൈനികര്‍ക്കു ഭാഷാപരിശീലനം നല്‍കുന്നതു നിര്‍ത്തണമെന്ന് ദക്ഷിണ കൊറിയയും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വര്‍ഷമാണ് ദക്ഷിണ കൊറിയ ഈ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിയത്. ദക്ഷിണ കൊറിയയുടെ എമ്പസി വഴി പ്രതിരോധ മന്ത്രാലയവും വിദേശകാര്യമന്ത്രാലയവുമായിട്ടായിരുന്നു ചര്‍ച്ചകള്‍. അതനുസരിച്ച്‌ കേന്ദ്രസര്‍ക്കാര്‍ .ഉത്തരകൊറിയന്‍ സൈനികര്‍ക്ക് ഇന്ത്യ ഭാഷാപരിശീലനം നൽകുന്നത് സംബന്ധിച്ച് പുനഃപരിശോധന നടത്തുകയായിരുന്നു.

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളും ഭീഷണികളും ലോകമാകമാനം അസ്വസ്ഥതകള്‍ പരത്തുകയാണ്. ഇതിനെതിരേ ലോകരാജ്യങ്ങളില്‍ നിന്നും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ നടപടികളുമായി മുന്നോട്ടു പോകുകയാണ് ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍.


Read More >>