കശ്മീര്‍ പ്രശ്‌നത്തില്‍ ചൈന മധ്യസ്ഥത വഹിക്കേണ്ടെന്ന് ഇന്ത്യ

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായി മുന്നോട്ടുവരുന്ന ആദ്യത്തെ രാജ്യമല്ല ചൈന. കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന യുഎന്നിന്റെ വാഗ്ദാനവും ഇന്ത്യ നിരസിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ ഇതുവരെയും ബാഹ്യ ഇടപെടലുകള്‍ നിരസിച്ചത്.

കശ്മീര്‍ പ്രശ്‌നത്തില്‍ ചൈന മധ്യസ്ഥത വഹിക്കേണ്ടെന്ന് ഇന്ത്യ

കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള ചൈനയുടെ നീക്കത്തെ എതിര്‍ത്ത് ഇന്ത്യ. പാകിസ്ഥാനുമായി മാത്രമെ ഈ കാര്യത്തില്‍ ചര്‍ച്ച നടത്തൂ എന്നും മറ്റൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക പങ്ക് വഹിക്കാമെന്നാണ് ചൈന അറിയിച്ചത്.

നിയന്ത്രണ രേഖയിൽ തുടരുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇടപെടല്‍ നടത്താന്‍ ചൈന തയ്യാറായത്. വ്യാഴാഴ്ചയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഗോപാല്‍ ഭാഗ്ലേ ചൈനയുടെ വാഗ്ദാനം നിരസിച്ചത്. പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും മൂന്നാമതൊരാള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നുമാണ് ഇന്ത്യയുടെ നിലപാട്. ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ് ഗെങ് ഷോങ് പറയുന്നത് ഇങ്ങനെ: ഇന്ത്യയും പാകിസ്ഥാനും പ്രധാനപ്പെട്ട സൗത്ത് ഏഷ്യന്‍ രാജ്യങ്ങളാണ്. എന്നാല്‍ കശ്മീരിലെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

സിക്കിമിനടുത്തുള്ള ഡോക്ലാം പ്രദേശത്ത് റോഡ് നിര്‍മിക്കുന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ചൈന കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നത്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം എല്ലാ പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കാണാം എന്നാണ് വ്യക്തമാക്കിയത്.

യുഎന്‍ മേധാവിയും, യുഎസ് പ്രസിഡന്റും ചൈനീസ് നേതൃത്വവും കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി കാര്യമായ ഇടപെടലുകള്‍ നടത്തിയെന്ന് പാകിസ്താന്‍ വിദേശ കാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു. ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ മൂന്നു യുദ്ധങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും നടത്തിയത്. അതില്‍ രണ്ടെണ്ണം കശ്മീരിന്റെ പേരിലായിരുന്നു. 1989 മുതലുള്ള കലാപങ്ങളില്‍ കശ്മീരില്‍ കൊല്ലപ്പെട്ടത് 70,000 പേരാണ്.


Read More >>