"സർക്കാരേ നിങ്ങൾക്കെത്ര പേരെ അറസ്റ്റ് ചെയ്യാനാവും"; ഇറാനിൽ 'നൃത്തം ചെയ്ത്' സമരവുമായി പെൺപട

പെൺകുട്ടി ഇത്തരത്തിൽ നൃത്തം ചെയ്യുന്നത് രാജ്യത്തിൻ്റെ ധാർമികതയ്ക്ക് എതിരാണ് എന്ന കാരണം ഉന്നയിച്ചായിരുന്നു മെഹദിനെ അറസ്റ്റ് ചെയ്തത്

സർക്കാരേ നിങ്ങൾക്കെത്ര പേരെ അറസ്റ്റ് ചെയ്യാനാവും; ഇറാനിൽ നൃത്തം ചെയ്ത് സമരവുമായി പെൺപട

തെരുവിൽ നൃത്തം ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു എന്ന കാരണത്താൽ അറസ്റ്റ് ചെയ്യപ്പെട്ട മെഹദ് ഹൊജാബ്രി എന്ന പെൺകുട്ടിക്ക് ഐക്യദാർഢ്യവുമായി ഇറാനിലെ പെൺപട. അവരും അവളെ പോലെ തെരുവിലിറങ്ങി, നൃത്തച്ചുവടുകൾ വെച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ കാരണത്തിൽ എത്രപേരെ അറസ്റ്റ് ചെയ്യാൻ സർക്കാറിനാവും എന്നതാണ് പെൺപടയുടെ ചോദ്യം.


അറസ്റ്റ് ചെയ്യപ്പെട്ട കൗമാരക്കാരിയെ മോചിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നിരവധി പെൺകുട്ടികളാണ് വീട്ടിലും തെരുവിലും വെച്ച് പകർത്തിയ തങ്ങളുടെ തന്നെ നൃത്തച്ചുവടുകൾ ഡാൻസിങ് ഇസ് നോട്ട് എ ക്രൈം, ഡാൻസ് റ്റു ഫ്രീഡം എന്നീ ഹാഷ് ടാഗുകളോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.


പെൺകുട്ടി ഇത്തരത്തിൽ നൃത്തം ചെയ്യുന്നത് രാജ്യത്തിൻ്റെ ധാർമികതയ്ക്ക് എതിരാണ് എന്ന കാരണം ഉന്നയിച്ചായിരുന്നു മെഹദിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ പുതിയൊരു സമര മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ് ഇറാനിലെ പെൺകുട്ടികൾ. ഇറാനിലെ പെൺകുട്ടികൾ മാത്രമല്ല, ചില പുരുഷന്മാരും അവരുടെ നൃത്തച്ചുവടുകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചിട്ടുണ്ട്. ഇറാനിന് പുറമേ യുകെ യിലേക്കും ഈ സമര രീതി പടർന്നു. അവരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.


ഇറാനിൽ ഇത് ആദ്യത്തെ സംഭവമല്ല, ഇതിന് മുൻപ് 2014 ലും നൃത്തം ചെയ്ത് വീഡിയോ അപ്ലോഡ് ചെയ്തു എന്ന കാരണം ഉന്നയിച്ച് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ പോലെ ഈ പ്രാവശ്യവും മിണ്ടാതിരിക്കുകയല്ല, മറിച്ച് ഏറ്റവും ശക്തമായ പ്രതിരോധം തീർക്കുകയും തങ്ങളുടെ അവകാശത്തെക്കുറിച്ച് സർക്കാറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയുമാണ് പെൺകുട്ടികൾ. നിരവധി പേരാണ് ഈ സമരത്തിനൊപ്പം ചേർന്നിരിക്കുന്നത്Read More >>