തീവ്രവാദികൾ മോശമായി പെരുമാറിയില്ല, പ്രമേഹത്തിനു മരുന്നുകൾ നൽകി; തിരിച്ചെത്തിയ ശേഷം ഫാദർ ടോം ഉഴുന്നാലിൽ

വത്തിക്കാനിൽ സലേഷ്യൻ സഭയുടെ ആതിഥേയത്വത്തിലാണ് ഫാ. ടോം ഉഴുന്നാലിൽ. വത്തിക്കാനിലെത്തിയ അദ്ദേഹത്തെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. കേരളീയ ശൈലിയിലുള്ള സദ്യയും അദ്ദേഹത്തിനായി ഒരുക്കിയിരുന്നു.

തീവ്രവാദികൾ മോശമായി പെരുമാറിയില്ല, പ്രമേഹത്തിനു മരുന്നുകൾ നൽകി; തിരിച്ചെത്തിയ ശേഷം ഫാദർ ടോം ഉഴുന്നാലിൽ

ഭീകരരുടെ പിടിയിൽ നിന്നു രക്ഷപ്പെട്ട ശേഷം ഫാദർ ടോം ഉഴുന്നാലിലിന്റെ പ്രതികരണം. തട്ടിക്കൊണ്ടു പോയ ഭീകരർ ഒരിക്കൽ പോലും തന്നോടു മോശമായി പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു തവണ തന്നെ താവളം മാറ്റിയിരുന്നു. ഭാരം കുറയുകയും ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാവുകയും ചെയ്തപ്പോൾ അവർ പ്രമേഹത്തിനുള്ള മരുന്നുകൾ നൽകി എന്നും ഫാ. ഉഴുന്നാലിൽ പറഞ്ഞു. സലേഷ്യൻ വാർത്താ ഏജൻസിയായ എഎൻഎസ് ആണ് ഫാ. ഉഴുന്നാലിലിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തത്.

വത്തിക്കാനിൽ സലേഷ്യൻ സഭയുടെ ആതിഥേയത്വത്തിലാണ് ഫാ. ടോം ഉഴുന്നാലിൽ. വത്തിക്കാനിലെത്തിയ അദ്ദേഹത്തെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. കേരളീയ ശൈലിയിലുള്ള സദ്യയും അദ്ദേഹത്തിനായി ഒരുക്കിയിരുന്നു. വത്തിക്കാനിലെത്തിയ ശേഷം ഫാ. ഉഴുന്നാലിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

റെക്ടർ മേജർ ഫാ. ഫ്രാൻസെസ്കോ സെറേഡ, ഫാ. തോമസ് അഞ്ചുകണ്ടം, വത്തിക്കാനിലെ സലേഷ്യൻ പ്രതിനിധികൾ എന്നിവരെ കൂടാതെ വത്തിക്കാൻ ജനറൽ ഹൗസും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വൈകിട്ട് ആറു മണിയോടെ ഫാ. ടോമുമായി മീറ്റിംഗ് ആരംഭിച്ചു.

എത്തിയ ഉടനേ വത്തിക്കാനിലുള്ള സലേഷ്യൻ സമൂഹത്തിന്റെ പള്ളിയിൽ പോയി പ്രാർത്ഥിക്കണമെന്നറ്റായിരുന്നു ഫാ. ഉഴുന്നാലിലിന്റെ ആവശ്യം. അവിടുത്തെ കുർബ്ബാന കൈക്കൊള്ളണമെന്ന ആഗ്രഹവും അദ്ദേഹം പങ്കു വച്ചു. എന്നാൽ വൈദ്യ പരിശോധനകൾ ഉള്ളതു കൊണ്ടും വിശ്രമം വേണ്ടതു കൊണ്ടും ആ ആവശ്യം നിരസിക്കപ്പെടുകയായിരുന്നു.

മീറ്റിംഗിലുള്ള വൈദികരുടെ ചോദ്യങ്ങൾക്ക് വളരെ ശാന്തമായാണ് ഫാ. ടോം ഉഴുന്നാലിൽ മറുപടി പറഞ്ഞത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഏഡനിലെ സേവന കേന്ദ്രം ആക്രമിക്കപ്പെടുമ്പോൾ, താൻ അവിടുത്തെ പള്ളിയിൽ ഉണ്ടയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടു പോയതിനു ശേഷം ഒരിക്കൽ പോലും തീവ്രവാദികൾ മോശമായി പെരുമാറിയിട്ടില്ല. തന്റെ ശരീര ഭാരം ക്രമാതീതമായി കുറയുന്നുണ്ടായിരുന്നു. തനിക്കു അപ്പോഴൊക്കെ ആവശ്യമുണ്ടായിരുന്ന പ്രമേഹത്തിന്റെ മരുന്നുകൾ ഭീകരർ നൽകുകയായിരുന്നു.

ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിലെ സലേഷ്യൻ പ്രതിനിധികളോടൊപ്പം

എന്നാൽ ഐഎസ് ക്യാമ്പിൽ തടവിലുണ്ടായിരുന്ന കാലത്തെല്ലാം ഒരേ വസ്ത്രം തന്നെയാണ് ധരിക്കേണ്ടി വന്നിരുന്നതെന്ന് ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു. "തട്ടിക്കൊണ്ടു പോയവർ അറബിയാണ് കൂടുതലും സംസാരിച്ചിരുന്നത്. കുറച്ചൊക്കെ ഇംഗ്ലീഷും. ഞാനവരോട് ഇംഗ്ലീഷിലാണ് സംവദിച്ചിരുന്നത്", ഫാ. ഉഴുന്നാലിൽ പറയുന്നു.

തട്ടിക്കൊണ്ടു പോകപ്പെട്ടതിനു മുൻപ്, മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഏഡനിലെ ഡയറക്ടറുമായി യെമനിലെ സംഘർഷാവസ്ഥയെക്കുറിച്ചും അപകട സാധ്യതയെക്കുറിച്ചും സംസാരിച്ചിരുന്നു. 2016 മാർച്ചിൽ ആക്രമണം നടന്നതിന്റെ തലേന്നു രാത്രിയായിരുന്നു അത്. പിറ്റേന്നാണ് ലോകം മൂഴുവൻ ഞെട്ടിയ ആ ദാരുണ സംഭവം നടക്കുന്നതെന്നും ഫാ. ഉഴുന്നാലിൽ പറഞ്ഞു.

യുദ്ധഭൂമിയിൽ യേശുവിനു വേണ്ടി മരിച്ചു വീഴുന്നത് പുണ്യമാണെന്നു പലരും പറഞ്ഞപ്പോൾ 'എനിക്ക് യേശുവിനു വേണ്ടി ജീവിക്കണം' എന്നാണ് ഏറ്റവും ചെറുപ്പക്കാരിയായ കന്യാസ്ത്രീ പറഞ്ഞത്. അത്ഭുതമെന്നു പറയട്ടെ, അവൾ ആ ആക്രമണത്തിൽ നിന്നു രക്ഷപെട്ടു, ഫാ. ഉഴുന്നാലിൽ പറയുന്നു.

വത്തിക്കാനിലെ സലേഷ്യൻ സമൂഹത്തിന്റെ ആതിഥേയത്വത്തിലാണ് ഫാ. ടോം ഉഴുന്നാലിൽ ഇപ്പോൾ. ഏറ്റവും നന്നായി സംരക്ഷണം നൽകാനാവുന്ന സ്ഥലം എന്ന നിലയിൽ തൽക്കാലം വത്തിക്കാനിലെ സലേഷ്യൻ കേന്ദ്രത്തിൽ തന്നെ അദ്ദേഹത്തെ താമസിപ്പിക്കാനാണ് സഭാ സമൂഹത്തിന്റെ തീരുമാനം. പൂർണമായി ജീവിതത്തിലേക്കു തിരിച്ചു വരുന്നതു വരെ അദ്ദേഹത്തെ വത്തിക്കാനിൽ താമസിപ്പിക്കാനാണ് സലേഷ്യൻ സമൂഹം തീരുമാനിച്ചിരിക്കുന്നത്.

അഞ്ഞൂറ്റി അമ്പത്തേഴു ദിവസത്തെ തടവിനു ശേഷമാണ് ഫാ. ടോം ഉഴ്ഹുന്നാലിൽ പുറം ലോകം കണ്ടത്. സഭയും കേന്ദ്ര സർക്കാരും വിലക്കിയിട്ടും, ആതുര ശുശ്രൂഷയിലുള്ള പ്രതിബദ്ധത മൂലമാണ് ഫാ. ഉഴുന്നാലിൽ അത്യപകടാവസ്ഥയുള്ള യെമനിലെ യുദ്ധ ഭൂമിയിലേക്കു പോയിരുന്നത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഏഡനിലുള്ള കേന്ദ്രത്തിലേക്കു പാഞ്ഞെത്തിയ ഭീകരർ, പതിനാറോളം പേരെ കൊലപ്പെടുത്തുകയും ഫ. ടോം ഉഴുന്നാലിലിനെ ബന്ധിയാക്കുകയുമായിരുന്നു. ഒമാൻ സർക്കാരിന്റെ ഇടപെടലാണ് ഫാ. ഉഴുന്നാലിലിനെ മോഴിപ്പിക്കാൻ കാരണമായത്.

Read More >>