അമേരിക്കയിൽ ഹൈന്ദവ ദേവാലയം അജ്ഞാതർ തകർത്തു; വിഗ്രഹം നശിപ്പിച്ചു; വംശീയ വിദ്വേഷം ചെറുക്കുമെന്ന് അധികൃതർ

ദേവാലയത്തിൽ അതിക്രമിച്ച് കയറിയ സംഘം പ്രതിഷ്ഠയിൽ കറുത്ത പെയിന്റ് സ്പ്രേ ചെയ്തു. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന സന്ദേശങ്ങളും എഴുതി വച്ചിട്ടുണ്ട്.

അമേരിക്കയിൽ ഹൈന്ദവ ദേവാലയം അജ്ഞാതർ തകർത്തു; വിഗ്രഹം നശിപ്പിച്ചു; വംശീയ വിദ്വേഷം ചെറുക്കുമെന്ന് അധികൃതർ

അമേരിക്കയിലെ കെന്റക്കിയിൽ ഹൈന്ദവ ദേവാലയം അജ്ഞാതർ തകർത്തു. ദേവാലയത്തിൽ അതിക്രമിച്ച് കയറിയ സംഘം പ്രതിഷ്ഠയിൽ കറുത്ത പെയിന്റ് സ്പ്രേ ചെയ്തു. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന സന്ദേശങ്ങളും എഴുതി വച്ചിട്ടുണ്ട്.

കെന്റക്കി ലൂയിസ്വില്ലെയിലെ പ്രശസ്തമായ സ്വാമി നാരായണ ക്ഷേത്രമാണ് തകർക്കപ്പെട്ടത്. പ്രവാസി ഇന്ത്യക്കാർ കൂടുതലുള്ള ബാർഡ്സ് ടൗണിലാണ് സ്വാമി നാരായണ ക്ഷേത്രം. ക്ഷേത്രത്തിന് സുരക്ഷാ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പൊലീസ്‌ മേധാവി സ്റ്റീവ് കോൺറാഡ് അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെയായിരിക്കാം അതിക്രമമെന്നു കരുതുന്നു. ജനാലകൾ തകർത്താണ് അക്രമികൾ അകത്ത് കടന്നതെന്നു പൊലീസ്‌ പറഞ്ഞു. പ്രധാന ഹാളിലെ ഇരിപ്പിടം കഠാര കൊണ്ടു നശിപ്പിച്ച നിലയിലാണ്.

ഉപേക്ഷിച്ച കഠാര സമീപത്ത് നിന്ന് കണ്ടെത്തി. സംഭവം വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണെന്നും പൊലീസ്‌ അന്വേഷണം ഊർജ്ജിതമാക്കിയെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വംശീയ വിദ്വേഷം ഉണ്ടാക്കാൻ അനുവദിക്കില്ല സമുദായത്തെയോ വിശ്വാസത്തെയോ ദുർബലപ്പെടുത്തനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അവർക്കെതിരെ കർശന നടപടി ഉറപ്പു വരുത്തും.- കെന്റക്കിയിലെ ജനപ്രതിനിധി നിമാ കുൽക്കർണി പറഞ്ഞു. കെന്റക്കിയിലെ ആദ്യ ഇന്ത്യൻ വംശജയായ ജനപ്രതിനിധിയാണ് നിമാ കുൽക്കർണി.