ആറു മാസമായി ഹസ്സൻ ജീവിക്കുന്നത് വിമാനത്താവളത്തിൽ; സിനിമാക്കഥ പോലെ ഒരു ജീവിതം

രണ്ട് ഓപ്ഷനുകളാണ് അയാൾക്കു മുന്നിൽ ഉണ്ടായിരുന്നത്. ഒന്നുകിൽ സിറിയയിലേക്ക് പോയി ശിഷ്ടകാലം തടവിൽ കഴിയുക. അല്ലെങ്കിൽ വിമാനത്താവളത്തിൽ ജീവിക്കുക.

ആറു മാസമായി ഹസ്സൻ ജീവിക്കുന്നത് വിമാനത്താവളത്തിൽ; സിനിമാക്കഥ പോലെ ഒരു ജീവിതം

വിഖ്യാത സവിധായകൻ സ്റ്റീവൻ സ്പിൽബർഗ് അണിയിച്ചൊരുക്കിയ ഒരു സിനിമയുണ്ട്. ടോം ഹാങ്ക്സ് പ്രധാന വേഷത്തിലെത്തി 2004ൽ പുറത്തിറങ്ങിയ 'ദി ടെർമിനൽ'. ഒരു പ്രത്യേക സാഹചര്യത്തിൽ വിക്ടർ നവ്‌റോസ്കി എന്ന യുവാവ് ഒരു വിമാനത്താവളത്തിൽ കുടുങ്ങിപ്പോകുന്നതും പിന്നീട് അയാൾഎയർപോർട്ട് ടെർമിനലിൽ തന്നെ കഴിയുന്നതുമാണ് കഥ. ഈ സിനിമ മറ്റൊരാളുടെ ജീവിതവുമായി ബന്ധപ്പെട്ട് ചിത്രീകരിച്ചതായിരുന്നു. 1988 മുതൽ 2006 വരെ നീണ്ട 18 വർഷം ഫ്രാൻസിലെ റോയ്സ്സി വിമാനത്താവളത്തിൻ്റെ ഒന്നാമത്തെ ടെർമിനലിൽ ജീവിതം കഴിച്ചു കൂട്ടിയ മെഹ്റാൻ കരീമി നസ്സീമി എന്ന ഇറാൻ വംശജൻ്റെ ജീവിതമായിരുന്നു ടെർമിനലിൻ്റെ പ്രചോദനം.

എന്നാൽ കഴിഞ്ഞ ആറു മാസമായി വിമാനത്താവളത്തിൻ്റെ ടെർമിനലിൽ കഴിയുന്ന മറ്റൊരാളുടെ ജീവിതത്തെപ്പറ്റി വാർത്തകൾ വരുന്നുണ്ട്. സിറിയൻ വംശജനായ ഹസനാണ് മലേഷ്യയിലെ കോലാലംപൂർ വിമാനത്താവളത്തിൻ്റെ ടെർമിനലിൽ പുറത്തിറങ്ങാൻ കഴിയാതെ ജീവിക്കുന്നത്. യുഎഇയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്ന ഹസ്സൻ വളരെ സമാധാനപരമായി ജീവിച്ചു വരവേയാണ് സിറിയൻ യുദ്ധം ആരംഭിക്കുന്നത്. ഹസ്സനെ സൈന്യത്തിലേക്ക് വിളിച്ചു. എന്നാൽ നിരപരാധികളെ വധിക്കാൻ തനിക്ക് താത്പര്യമില്ലെന്നു പറഞ്ഞ് ഹസ്സൻ പോവാൻ തയ്യാറായില്ല.

ഹസ്സൻ്റെ പാസ്പോർട്ടിൻ്റെ കാലാവധി കഴിഞ്ഞതോടെ സിറിയ പ്രതികാര നടപടികൾ തുടങ്ങി. പാസ്പോർട്ട് പുതുക്കി നൽകാൻ അവർ തയ്യാറായില്ല. ഇതോടെ ജോലി നഷ്ടമായ ഹസ്സൻ വിസയില്ലാതെ രാജ്യത്ത് തുടർന്നുവെങ്കിലും താമസിയാതെ ഡിറ്റൻഷൻ ക്യാമ്പിൽ എത്തപ്പെട്ടു. അങ്ങനെയാണ് ഹസ്സൻ അഭയാർത്ഥി ആവുന്നത്. സങ്കീർണ്ണമായ നിയമപരിപാടികൾക്കൊടുവിൽ ഹസ്സൻ മലേഷ്യൻ വിമാനത്താവളത്തിൽ എത്തപ്പെട്ടു. പാസ്പോർട്ട് ഇല്ലാത്തതിനാൽ മലേഷ്യയിൽ പ്രവേശിക്കാനോ അവിടം വിടാനോ അയാൾക്ക് സാധിച്ചില്ല. ഇതോടെയാണ് ഹസ്സൻ ടെർമിനലിൽ ജീവിതമാരംഭിച്ചത്.

രണ്ട് ഓപ്ഷനുകളാണ് അയാൾക്കു മുന്നിൽ ഉണ്ടായിരുന്നത്. ഒന്നുകിൽ സിറിയയിലേക്ക് പോയി ശിഷ്ടകാലം തടവിൽ കഴിയുക. അല്ലെങ്കിൽ വിമാനത്താവളത്തിൽ ജീവിക്കുക. ഹസ്സൻ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു. ആറു മാസമായി ഹസ്സൻ ഇവിടെ നിന്ന് പുറത്തു പോയിട്ടില്ല. വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കാൻ വിവാഹം ഒരു ഓപ്ഷനാണെങ്കിലും ഹസ്സനെ വിവാഹം കഴിക്കാൻ തയ്യാറായി പലരും വന്നെങ്കിലും അയാൾ അതിനു തയ്യാറായില്ല. തുടർന്നാണ് ചില കനേഡിയൻ വളണ്ടിയർമ്മാർ ചേർന്ന് അയാൾക്ക് കാനഡയിൽ അഭയാർത്ഥിപ്പട്ടം നൽകാനുള്ള നിയമപോരാട്ടങ്ങളിൽ ഏർപ്പെട്ടു. അവർ ഹസന് ഒരു ജോലിയും ഒരു സ്പോൺസറെയും കണ്ടെത്തിക്കഴിഞ്ഞു. കാനഡയിൽ ജീവിക്കാനുള്ള ആദ്യ ശ്രമങ്ങൾക്ക് കനേഡിയൻ സർക്കാർ അംഗീകാരവും നൽകി. ഇനി ഒരു ഘട്ടം കൂടിയുണ്ട്. അതിനും കാനഡ അംഗീകാരം നൽകിയാൽ ഹസ്സൻ അവിടേക്ക് പറക്കും. പക്ഷേ, അംഗീകാരം നൽകാൻ വേണ്ട സമയം 26 മാസമാണ്. ഏതാണ് രണ്ട് വർഷത്തിനു മുകളിൽ!

Read More >>