സര്‍ഫിങ്ങിനിടെ അപകടം: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ഗുരുതര പരുക്ക്

മകനോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കടലില്‍ സര്‍ഫിങ്ങ് നടത്തുന്നതിനിടെയാണ് ഹെയ്ഡൻ അപകടത്തിൽപെട്ടത്.

സര്‍ഫിങ്ങിനിടെ അപകടം: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ഗുരുതര പരുക്ക്

ടലില്‍ സര്‍ഫിങ്ങ് നടത്തുന്നതിനിടെ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ഗുരുതര പരുക്ക്. ക്യൂന്‍സ്ലാന്‍ഡില്‍ വച്ചായിരുന്നു അപകടം. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരുക്കേറ്റ ഹെയ്ഡന്‍ ചികിത്സയിലാണ്. ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാ‌നാൻമാരിൽ ഒരാളാണ് മാത്യു ഹെയ്ഡന്‍.

ഹെയ്ഡന്റെ വാരിയെല്ലുകളിലും പൊട്ടലുണ്ട്. നെറ്റിയിൽ മുറിവേറ്റ ചിത്രങ്ങൾ ഹെയ്ഡൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. 'കുറച്ച് ദിവസത്തേക്ക് കളി നിര്‍ത്തിവെച്ചു' എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അപകടത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്. മകനോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കടലില്‍ സര്‍ഫിങ്ങ് നടത്തുന്നതിനിടെയാണ് ഹെയ്ഡൻ അപകടത്തിൽപെട്ടത്. സര്‍ഫിംഗിനിടെ കൂറ്റന്‍ തിരമാലയ്ക്കടിയില്‍ പെട്ടാണ് അപകടം ഉണ്ടായതെന്ന് ഹെയ്ഡൻ അറിയിച്ചു. 'ഭാഗ്യംകൊണ്ടാണ് എനിക്ക് ജീവന്‍ തിരിച്ചുലഭിച്ചത്. ഒന്നിന് പുറകെ ഒന്നായി അടിച്ച കൂറ്റന്‍ തിരമാലകള്‍ക്ക് അടിയില്‍ പെട്ടത് മാത്രമേ ഓര്‍മയുള്ളൂ. ഒരു ബുള്ളറ്റില്‍ നിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിഞ്ഞുമാറിയത് പോലെയാണ് ഇപ്പോള്‍ തോന്നുന്നത്. എന്നെ ആശുപത്രിയിലെത്തിച്ചവർക്കും, സഹായിച്ചവർക്കും നന്ദി'- ഹെയ്ഡൻ കൂട്ടിച്ചേര്‍ത്തു.

നാല്‍പ്പത്തിയാറുകാരനായ ഹെയ്ഡന്‍ ഓസ്‌ട്രേലിയക്കായി നൂറിലധികം ടെസ്റ്റ് കളിച്ചിട്ടുണ്ട്. 30 സെഞ്ച്വറിയടക്കം 8625 റണ്‍സാണ് ടെസ്റ്റില്‍ നേടിയത്. 161 ഏകദിനവും ഒമ്പത് ടി-ട്വന്റിയും കളിച്ചിട്ടുണ്ട്. 2009 ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Read More >>