ചൈനീസിനെ വിശ്വസിക്കാമോ; പോർവിമാനങ്ങളുടെ തകർച്ച പാക്കിസ്ഥാന് പ്രതിസന്ധി

അമേരിക്കൻ, യൂറോപ്യന്‍ പോര്‍വിമാനങ്ങളെ അപേക്ഷിച്ച് വിലക്കുറവാണ് ചൈനയില്‍ നിന്നും വിമാനം വാങ്ങുവാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത്.

ചൈനീസിനെ വിശ്വസിക്കാമോ; പോർവിമാനങ്ങളുടെ തകർച്ച പാക്കിസ്ഥാന് പ്രതിസന്ധി

പരീക്ഷണ പറക്കലുകളില്‍ തങ്ങളുടെ പോര്‍വിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്ന് വീഴുന്നത് പാകിസ്ഥാന് പ്രതിസന്ധിയുണ്ടാക്കുന്നു. ചൈനീസ് നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 7പിജി പോര്‍വിമാനങ്ങളില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ തകര്‍ന്ന് വീണത് 13 എണ്ണമാണ്. ഏറ്റവും ഒടുവില്‍ വീണത് ജനുവരി 23ന്.

എഫ് 7 പിജി ഏറ്റവും കൂടുതല്‍ ചൈനയില്‍ നിന്നും വാങ്ങിയ രാജ്യമാണ് പാകിസ്ഥാന്‍. 2002 മുതല്‍ ഈ ചൈനീസ് വിമാനങ്ങളെ പാകിസ്ഥാന്‍ ഏയര്‍ഫോഴ്സ് ഉപയോഗിക്കുന്നു. പരീക്ഷണ പറക്കലുകളില്‍ നിരന്തരം ഈ വിമാനങ്ങൾ തകര്‍ന്ന് വീഴുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ നേരത്തെ അന്വേഷണം നടത്തിയിരുന്നു. സാങ്കേതിക പ്രശ്നത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടിയത്. എന്നാല്‍ ഇതില്‍ ഒരു പരിഹാരം കാണുവാന്‍ ചൈന തയ്യാറായിട്ടില്ലെന്ന് പാക് മാധ്യമങ്ങൾ ആരോപിക്കുന്നു. പ്രതിരോധ രംഗത്തെ അഴിമതി ബന്ധങ്ങളും ഇതിന് കാരണമാകുന്നുവെന്ന് പാക് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ആണവ പരീക്ഷണത്തിന് ശേഷം ഉപരോധം നേരിട്ട സമയത്താണ് അതുവരെ അമേരിക്കയുമായി വലിയ പ്രതിരോധ വ്യാപാരം ഉണ്ടായിരുന്ന പാകിസ്ഥാന്‍ ചൈനയുമായി അടുത്തത്. എന്നാല്‍ ചൈനീസ് വിമാനങ്ങളുടെ ഇടപാട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാകിസ്ഥാന് ഗുണമായില്ല എന്നതാണ് പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്. അമേരിക്കൻ, യൂറോപ്യന്‍ പോര്‍വിമാനങ്ങളെ അപേക്ഷിച്ച് വിലക്കുറവാണ് ചൈനയില്‍ നിന്നും വിമാനം വാങ്ങുവാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത്.

ചൈനയ്ക്ക് പുറമേ എഫ് 7 വാങ്ങിയിട്ടുള്ള രാജ്യങ്ങള്‍ നമീബിയ, അള്‍ജീരിയ, ശ്രീലങ്ക, മ്യാന്‍മാര്‍ ഒക്കെയാണ്. ഈ രാജ്യങ്ങളില്‍ എല്ലാം ഈ വിമാനത്തിന് എന്തെങ്കിലും പ്രശ്നങ്ങളും സംഭവിച്ചിട്ടുണ്ട്. ചൈനയിലെ ചെങ്ഡു എയര്‍ക്രഫ്റ്റ് കോര്‍പ്പ് ആണ് എഫ് 7ന്‍റെ നിര്‍മ്മാതാക്കള്‍. ചൈനീസ് സര്‍ക്കാറിന്‍റെ തന്നെ ഈ കമ്പനി പ്രധാനമായും ഉണ്ടാക്കുന്ന ഈ പോര്‍വിമാനം ഇന്ത്യയുടെ കൈവശമടക്കമുള്ള മിഗ്-21ന്‍റെ അനുകരണമാണ് എന്നാണ് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്.

Read More >>