സ്ത്രീകളെ ബഹുമാനിക്കണം, ദരിദ്രരെ സംരക്ഷിക്കണം; മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാര്‍ത്ഥികളേയും സംരക്ഷിച്ചും സഹായിച്ചുമാകണം ലോകം മുന്നോട്ടുപോകേണ്ടതെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

സ്ത്രീകളെ ബഹുമാനിക്കണം, ദരിദ്രരെ സംരക്ഷിക്കണം; മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം

സ്ത്രീകളെ ബഹുമാനിക്കാന്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം. കുരിശില്‍ തറച്ച ക്രിസ്തുദേവനെ കാണാന്‍ പോയ മറിയത്തിന്റെയും മഗ്ദലന മറിയത്തിന്റേയും ബൈബിളിലെ രംഗം ഉപമിച്ചായിരുന്നു മാര്‍പ്പാപ്പയുടെ വാക്കുകള്‍. ഇരുവരുടേയും മുഖത്ത് വിഷാദം തളംകെട്ടി നിന്നിരുന്നു. ഇതേ വിഷാദവും ഭയവും ഇന്ന് ലോകത്ത് പീഡിപ്പിക്കപ്പെടുന്നവരും സമൂഹത്തില്‍ ഒറ്റപ്പെടുന്നവരുമായ എല്ലാ സ്ത്രീകളിലും കാണാമെന്നു പറഞ്ഞ മാര്‍പ്പാപ്പ അവരെ ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ടു.

റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഈസ്റ്റര്‍ കുര്‍ബാനയ്ക്കിടെയായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശം. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അടിമകളായി കഴിയേണ്ടിവരുന്ന ദരിദ്രരേയും അഭയാര്‍ത്ഥികളേയും സംരക്ഷിച്ചും സഹായിച്ചുമാവണം ലോകം മുന്നോട്ടുപോകേണ്ടതെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ബസിലിക്കയുടെ പടവുകളില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയിലാരുന്നു ചടങ്ങുകള്‍. പതിനായിരക്കണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. ഭീകരാക്രമണ ഭീഷണിയെതുടര്‍ന്ന് കനത്ത സുരക്ഷയിലാണ് വത്തിക്കാന്‍. ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാചടങ്ങിനിടെ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള 11 പേര്‍ മാര്‍പ്പാപ്പയില്‍ നിന്നും മാമോദീസ സ്വീകരിച്ചിരുന്നു.

Read More >>