റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോയില്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്ക്

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഭീകരവാദത്തിനുള്ള സാധ്യതയും തള്ളിക്കളഞ്ഞില്ല.

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോയില്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്ക്

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി സെന്റ് പീറ്റേഴ്‌സ് ഗവര്‍ണറുടെ സെക്രട്ടറി അറിയിച്ചതായി ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാവേറാക്രമണമല്ല മറിച്ച് ട്രെയിനിനുള്ളില്‍ ബോംബ് ഫിറ്റ് ചെയ്ത് വെച്ചതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെട്രോ സ്‌റ്റേഷനിലുള്ളവരെ ഒഴിപ്പിക്കുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ എല്ലാ മെട്രോ റെയില്‍വേ സ്‌റ്റേഷനുകളുടേയും പ്രധാന കവാടങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്.

സംഭവമറിഞ്ഞ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് തിരിച്ചതായി ക്രെംലിന്‍ വക്താവ് ഡിമിട്രി പെസ്‌കോവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പറഞ്ഞ പുടിന്‍ ഭീകരവാദത്തിനുള്ള സാധ്യതയും തള്ളിക്കളഞ്ഞില്ല.

Read More >>