യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച അഭയാർത്ഥി ബാലൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചു

രണ്ടാഴ്ചക്കിടെ ഇത് രണ്ടാമത്തെ അഭയാർത്ഥിയാണ് യുഎസ് പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്.

യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച അഭയാർത്ഥി ബാലൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചു

യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത എട്ടു വയസ്സുകാരനായ അഭയാർത്ഥി ബാലൻ മരിച്ചു. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുഎസ് ബോർഡർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ​ഗ്വാട്ടിമാല സ്വദേശി ഫെലിപ്പ് അലോൻസോ ​ഗോമയാണ് മരിച്ചത്. രണ്ടാഴ്ചക്കിടെ ഇത് രണ്ടാമത്തെ അഭയാർത്ഥിയാണ് യുഎസ് പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്.

പനിയെ തുടർന്ന്​ ന്യൂ മെക്​സിക്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ തിങ്കളാഴ്ച ഡിസ്​ചാർജ്​ ചെയ്​തിരുന്നു. തുടർന്ന്​ ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ഫെലിപ്പ്​ ഇന്നലെ രാ​ത്രി മരിക്കുകയായിരുന്നു. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിനാണ്​ എട്ടുവയസുകാരനും പിതാവും കറ്റഡിയിലായയതെന്നാണ് യുഎസ്​ ബോർഡർ പൊലീസി​ന്റെ വാദം.

ര​ണ്ടാ​ഴ്ച മു​മ്പ് ​ഗ്വാട്ടിമാല സ്വദേശിനിയായ ഏ​ഴു വ​യ​സു​കാ​രി മ​രി​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ മ​ര​ണം. ജാക്​ലിൻ കാൾ എന്ന ഏഴുവയസുകാരിയാണ് നേരത്തെ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ചത്. കസ്​റ്റഡിയിലായ ജാക്​ലിന്​ പനിയെ തുടർന്ന്​ കരൾ അപജയം സംഭവിക്കുകയായിരുന്നു. ജാക്​ലി​ന്റെ മരണത്തെ തുടർന്ന്​ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.

മെക്​സിക്കോ അതിർത്തി വഴി യുഎസിലേക്ക്​ കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ തടയാൻ കസ്​റ്റംസ്​ ആന്റ്​ ബോർഡർ പ്രൊട്ടക്ഷൻ വിഭാഗത്തിലെ 5000 ത്തോളം പൊലീസുകാരെയാണ്​ ട്രംപ്​ ഭരണകൂടം അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്​. അഭയാർത്ഥികളോടുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിലോമകരമായ നിലപാടിനെതിരെ ആ​ഗോളതലത്തിൽ വൻ വിമർശനമാണ് ഉയരുന്നത്.