ദാവിന്ദറിന്റെ ജാവലിൻ ലണ്ടനിലെ ഫൈനലിൽ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ജാവലിൻ താരമാണ് ദാവിന്ദർ സിംഗ്. ശനിയാഴ്ചയാണ് ഫൈനൽ.

ദാവിന്ദറിന്റെ ജാവലിൻ ലണ്ടനിലെ ഫൈനലിൽ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ ജാവലിൻ താരം ദാവിന്ദർ സിംഗ്. ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് ദാവിന്ദർ ഇപ്പോൾ. പതിമൂന്ന് പേരിൽ ഏഴാമതായാണ് ദാവിന്ദർ ഫൈനലിലെത്തിയത്. എന്നാൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ലോക ജൂനിയർ അത്ലറ്റിക്സ് റെക്കോർഡ് ഉടമ നീരജ് ചോപ്ര നിരാശപ്പെടുത്തി.

അപ്രതീക്ഷിതമായിരുന്നു ദാവിന്ദറിന്റെ മുന്നേറ്റം. മത്സരത്തിനുള്ള ടീമിൽ ഇടം കിട്ടുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ ഒടുവിൽ ആ ഇരുപത്തഞ്ചു പേരിൽ ദാവിന്ദറും ലണ്ടനിലേക്ക് പറന്നു. ആദ്യ റൗണ്ടിൽ ഗ്രൂപ്പ് ബിയിലാണ് മത്സരിച്ചത്. മത്സരത്തിനിടെ തോളെല്ലിന് പരിക്കേറ്റു. അതിനെയും അതിജീവിച്ചാണ് ദാവിന്ദർ സിംഗ് ചരിത്രമായത്.

യോഗ്യതാ മാര്‍ക്കായ 83 മീറ്റര്‍ അവസാന ശ്രമത്തില്‍ ഇന്ത്യന്‍ താരം മറികടന്നു. ആദ്യം 82.22 മീറ്ററും രണ്ടാം തവണ 82.14 മീറ്ററുമാണ് പഞ്ചാബ് താരം പിന്നിട്ടത്. ശനിയാഴ്ചയാണ് ഫൈനൽ.

എന്നാൽ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ചോപ്ര നിരാശപ്പെടുത്തി. യോഗ്യതാ റൗണ്ടില്‍ 82.26 മീറ്റർ മാത്രമാണ് നീരജിന് പിന്നിടാനായത്. ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്ത് എത്താനെ നീരജിന് സാധിച്ചുള്ളൂ. 19കാരനായ നീരജ് ലോക ജൂനിയര്‍ റെക്കോഡിനുടമയാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തിഗത ദൂരം 86.48 മീറ്ററും സീസണിലെ മികച്ച ദൂരം 85.63 മീറ്ററുമാണ്.

Read More >>