വാനാക്രൈ സൈബർ ആക്രമണം: പിന്നിൽ വടക്കൻ കൊറിയയുടെ കരങ്ങളെന്ന് സംശയം

ആൻ്റി വൈറസ് നിര്‍മ്മാതാക്കളായ സിമാന്‌റക്, കാസ്‌പെര്‍സ്‌കി എന്നീ കമ്പനികളിലെ സൈബര്‍ സുരക്ഷാ വിദഗ്ധന്മാരാണു വടക്കന്‍ കൊറിയയുടെ വിരല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞത്. വടക്കന്‍ കൊറിയയുടെ ഹാക്കിംഗ് ഓപ്പറേഷനുകള്‍ നടത്തുന്ന ലാസറസ് ഗ്രൂപ് ഉപയോഗിച്ചിരുന്ന കോഡുകള്‍ക്കു സമാനമായ ചില കോഡുകള്‍ വാനാക്രൈയിലും ഉപയോഗിച്ചിട്ടുണ്ടെന്ന് അവര്‍ കണ്ടെത്തി.

വാനാക്രൈ സൈബർ ആക്രമണം: പിന്നിൽ വടക്കൻ കൊറിയയുടെ കരങ്ങളെന്ന് സംശയം

ലോകത്തെ നടുക്കിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തില്‍ വടക്കന്‍ കൊറിയയ്ക്കു പങ്കുണ്ടെന്നു സൂചന. സൈബര്‍ സുരക്ഷാ ഗവേഷകരാണു വാനാക്രൈ ആക്രമണത്തില്‍ വടക്കന്‍ കൊറിയയുടെ ബന്ധം സൂചിപ്പിക്കുന്ന സാങ്കേതിക തെളിവുകള്‍ കണ്ടെത്തിയത്. 150 രാജ്യങ്ങളിലെ മൂന്നു ലക്ഷത്തോളം കമ്പ്യൂട്ടറുകള്‍ ഇതുവരെ തകരാറിലായിട്ടുണ്ട്.

ആന്‌റി വൈറസ് നിര്‍മ്മാതാക്കളായ സിമാന്‌റക്, കാസ്‌പെര്‍സ്‌കി എന്നീ കമ്പനികളിലെ സൈബര്‍ സുരക്ഷാ വിദഗ്ധന്മാരാണു വടക്കന്‍ കൊറിയയുടെ വിരല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞത്. വടക്കന്‍ കൊറിയയുടെ ഹാക്കിംഗ് ഓപ്പറേഷനുകള്‍ നടത്തുന്ന ലാസറസ് ഗ്രൂപ് ഉപയോഗിച്ചിരുന്ന കോഡുകള്‍ക്കു സമാനമായ ചില കോഡുകള്‍ വാനാക്രൈയിലും ഉപയോഗിച്ചിട്ടുണ്ടെന്ന് അവര്‍ കണ്ടെത്തി.

'വാനാക്രൈയുടെ ഉത്ഭവത്തിനെക്കുറിച്ചു നമുക്കു ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച തുമ്പാണിത്,' കാസ്‌പെര്‍സ്‌കി ലാബ് ഗവേഷകനായ കുര്‍ത് ബൗംഗാര്‍ട്ടര്‍ പറഞ്ഞു.

വടക്കന്‍ കൊറിയയ്ക്കു ഈ ആക്രമണത്തില്‍ പങ്കുണ്ടോയെന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ലെന്നു ഗൂഗൂള്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍ നീല്‍ മേത്ത പറയുന്നു. വാനാക്രൈ ആക്രമണം ഏറ്റവും വേഗത്തില്‍ പടര്‍ന്നു പിടിച്ച ഒന്നായിരുന്നു.

വാഷിംഗ്ടണ്‍ ഉള്‍പ്പടെയുള്ള ആഗോള നിയമപാലന ഏജന്‍സികള്‍ ഈ കണ്ടെത്തല്‍ വിശദമായി പരിശോധിക്കും. സൈബര്‍ കുറ്റവാളികളും വിദേശരാജ്യങ്ങളും ഒരു പോലെ കുറ്റക്കാരാകാന്‍ സാധ്യതയുണ്ടെന്നു പ്രസിഡന്‌റ് ഡോണാള്‍ഡ് ട്രംപിന്‌റെ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

കോഡുകള്‍ വിശദമായി പഠിക്കണമെന്നും അതിനായി മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുമെന്നും സിമാന്‌റക്, കാസ്‌പെര്‍സ്‌കി കമ്പനികള്‍ അറിയിച്ചു. ഹാക്കര്‍മാര്‍ കോഡുകള്‍ കോപിയെടുത്ത് ഉപയോഗിക്കാറുണ്ട്. എങ്കിലും സംഭവത്തില്‍ വടക്കന്‍ കൊറിയയുടെ പങ്കാളിത്തം തള്ളിക്കളയാനാവില്ലെന്നു യുഎസ്, യൂറോപ്യന്‍ യൂണിയന്‍ സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞു.

ദരിദ്രരാജ്യമായ വടക്കന്‍ കൊറിയയ്ക്കു വേണ്ടി ജോലി ചെയ്യുന്നതില്‍ ലാസറസ് ഹാക്കര്‍മാര്‍ക്കു പണത്തേക്കാള്‍ വലിയ ലക്ഷ്യങ്ങളുണ്ട്. ബംഗ്ലാദേശ് ബാങ്കില്‍ നിന്നും 81 ദശലക്ഷം ഡോളര്‍ മോഷ്ടിച്ചതിനു പിന്നില്‍ ലാസറസ് ആണെന്നു സൈബര്‍ സുരക്ഷാ കമ്പനികള്‍ ആരോപിച്ചിട്ടുണ്ട്.

ട്രംപിന്‌റെ ഹോംലാന്‌റ് സെക്യൂരിറ്റി ഉപദേഷ്ടാവ് ടെം ബോസ്സര്‍ട്ട് പറയുന്നതു ആക്രമികള്‍ ഏതാണ്ടു 70000 ഡോളര്‍ ഇതുവരെ സമ്പാദിച്ചിട്ടുണ്ടെന്നാണ്. പണം നല്‍കിയിട്ടു ഡാറ്റ തിരിച്ചു കിട്ടിയോ എന്നറിയില്ലെന്നും ബോസ്സര്‍ട്ട് പറയുന്നു.

പണം ഉണ്ടാക്കുക എന്നതാണോ വാനാക്രൈയുടെ ലക്ഷ്യം എന്ന് ഉറപ്പില്ലെന്നു ചില സുരക്ഷാ വിദഗ്ധന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. കാരണം, ഇത്തരം വലിയ സൈബര്‍ ആക്രമണങ്ങള്‍ കോടിക്കണക്കിനു ഡോളര്‍ അവര്‍ക്കു നേടിക്കൊടുക്കേണ്ടതാണ്.

ഇതു കഴിയുന്നത്ര നാശനഷ്ടം ഉണ്ടാക്കണം എന്ന് ഉദ്ദേശിച്ചു ചെയ്തതാണെന്നു ബ്രിട്ടീഷ് സൈബര്‍ കണ്‍സള്‍ട്ടിംഗ് ഉടമ മാത്യൂ ഹിക്കി അഭിപ്രായപ്പെടുന്നു.

കമ്പൂട്ടറുകളുടെ സുരക്ഷ എന്നതിനൊപ്പം വാനാക്രൈ ആക്രമണം രാഷ്ട്രീയ വിഷയവുമായി മാറിയിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും സര്‍ക്കാരുകള്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ഹാക്കിംഗ് ടൂള്‍ ഉപയോഗിച്ചാണു ആക്രമണം നടത്തിയിരിക്കുന്നതെന്ന് ഉറപ്പായിട്ടുണ്ട്. മേക്രോസോഫ്റ്റ് പ്രസിഡന്‌റ് ബ്രാഡ് സ്മിത് ബ്ലോഗിലൂടെ അറിയിച്ചതാണിക്കാര്യം.

എന്നാല്‍ എന്‍എസ്ഏയെ ഇതില്‍ ഉള്‍പ്പെടുത്തരുതെന്നു ബൊസ്സര്‍ട്ട് തിങ്കളാഴ്ച പറഞ്ഞിരുന്നു.

'ഡാറ്റ കിഡ്‌നാപ് ചെയ്യാനായി എന്‍എസ്ഏ വികസിപ്പിച്ച ടൂളല്ലയിത്. ശിക്ഷിക്കപ്പെടേണ്ടവര്‍ വികസിപ്പിച്ച ടൂളാണത്. അവര്‍ വിദേശരാജ്യങ്ങളിലെ ക്രിമിനലുകളാകാനാണു സാധ്യത. ഫിഷിംഗ് ഇമെയിലുകള്‍ അയച്ചു ഡോക്യൂമെന്‌റുകളില്‍ കടത്തി വിട്ട് എന്ക്രിപ്റ്റ് ചെയ്തു പൂട്ടിയതാണു,' ബൊസ്സര്‍ട്ട് പറഞ്ഞു.

ഈ വിഷയം അടിയന്തിരമായി രാഷ്ട്രീയപരമായി ചര്‍ച്ച ചെയ്യണമന്നു റഷ്യന്‍ പ്രസിഡന്‌റ് വ്‌ലാദിമീര്‍ പുടിന്‍ പറഞ്ഞു.

Read More >>