പിതാവിനെ പുകഴ്ത്തിയടിച്ചു, ഇവാന്‍കയ്ക്കു ജര്‍മ്മന്‍ ഉച്ചകോടിയില്‍ കൂക്കുവിളി സമ്മാനം

സ്ത്രീ ശാക്തീകരണവും സംരംഭകത്വവും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഇവാന്‍കയ്ക്കു കൂക്കുവിളികള്‍ ഏറ്റുവാങ്ങേണ്ടി വന്നത്

പിതാവിനെ പുകഴ്ത്തിയടിച്ചു, ഇവാന്‍കയ്ക്കു ജര്‍മ്മന്‍ ഉച്ചകോടിയില്‍ കൂക്കുവിളി സമ്മാനം

ചൊവാഴ്ച നടന്ന സ്ത്രീ ശാക്തീകരണ സെമിനാറില്‍ പങ്കെടുക്കുവാനാണ് അമേരിക്കന്‍ പ്രസിഡന്റ്റിന്റെ മകള്‍ ഇവാന്‍ക ജര്‍മനിയില്‍ എത്തിയത്. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലയുടെ ക്ഷണപ്രകാരമായിരുന്നു ഈ സന്ദര്‍ശനം. എന്നാല്‍ ഇവാന്‍കയ്ക്കു സദസ് സമ്മാനമായി നല്‍കിയത് പരസ്യമായ പരിഹാസമായിരുന്നു. മറ്റൊന്നിനുമല്ല, സ്വന്തം പിതാവിനെ ഒരു സ്ത്രീസംരക്ഷകനായ ഒരു ഹീറോയായി അവതരിപ്പിക്കാന്‍ ശ്രമിച്ചതിനായിരുന്നു ഇത്.

G20 രാജ്യങ്ങളുടെ w-20 ഉച്ചകോടിയുടെ ഭാഗമായി സ്ത്രീ ശാക്തീകരണവും സംരംഭകത്വവും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഇവാന്‍കയ്ക്കു കൂക്കുവിളികള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. യുഎസ് പ്രസിഡന്റ് ട്രംപ് സ്ത്രീകള്‍ക്കു വേണ്ടി പോരാടുന്ന വ്യക്തിയാണെന്ന സ്വന്തം മകള്‍ പുകഴ്ത്തിയതോടെയാണ് ശ്രോതാക്കള്‍ ഇവാന്‍കയെ കൂകി വിളിച്ചത്.

ഏഞ്ചല മെര്‍ക്കലിനെ കൂടാതെ, അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ക്രിസ്റ്റിന്‍ ലഗാര്‍ഡ്, കാനഡയുടെ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നിങ്ങള്‍ പ്രഥമ പുരുഷന്റെ മകളാണ്. എന്താണ് നിങ്ങളുടെ റോള്‍ ? ആരെയാണ് നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ? നിങ്ങളുടെ അച്ഛനെയാണോ, അതോ അമേരിക്കന്‍ ജനതയെയോ അതോ ബിസിനസിനെയോ? എന്ന ജര്‍മന്‍ ബിസിനസ് മാഗസിന്‍ എഡിറ്റര്‍ മിറിയം മെക്കലിന്റെ ചോദ്യത്തിനു 'ഒരിക്കലും ഞാന്‍ ബിസിനസിനെയല്ല പ്രതിനിധീകരിക്കുന്നത് എന്നും ബിസിനസ് മേഖലയില്‍ ഇപ്പോഴും താന്‍ അപരിചിതയാണ്. എന്നായിരുന്നു ഇവാന്‍കയുടെ മറുപടി. വൈറ്റ് ഹൗസില്‍ പ്രവേശിച്ചിട്ട് 100 ദിവസങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. എങ്കിലും അസാധാരണവും അവിശ്വസനീയവുമാണ് ഈ യാത്ര. എന്ന് വിവരിച്ച ഇവാന്‍കയെ സദസ്സ് ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു.

ജോലി സ്ഥലത്തു സ്ത്രീകള്‍ക്ക് പ്രതിഫലത്തോടു കൂടിയ അവധിയെ (paid leave) കുറിച്ചു ചര്‍ച്ച ചെയ്തപ്പോഴാണ് കാര്യങ്ങള്‍ തലകീഴായി മറിഞ്ഞത്. പിതാവിന്റെ സ്തുതിഗീതങ്ങള്‍ മകള്‍ വിവരിക്കുവാന്‍ തുടങ്ങിയതോടെ സദസില്‍ നിന്നും മുറുമുറുപ്പുയര്‍ന്നു.പ്രസിഡന്റാവുന്നതിനുമൊക്കെ മുന്‍പ് തന്നെ കുടുംബ ബന്ധങ്ങളെ കുറിച്ചു ട്രംപ് ബോധവാനായിരുന്നെന്നും ഓരോ കുടുംബങ്ങളുടെയും ഉന്നതിക്കു വേണ്ടി വാദിച്ചിരുന്നെന്നും ഇവാന്‍ക പറഞ്ഞു. മാധ്യമങ്ങള്‍ പിതാവിന് എതിരായതിനാല്‍ പലതും പ്രചരിപ്പിക്കുന്നു. ഞാനും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിതാവ് തൊഴില്‍ നല്‍കിയ ആയിരത്തിലധികം സ്ത്രീകളും ഇത്തരം കാര്യങ്ങളെ വിശ്വസിക്കാന്‍ പോകുന്നില്ല എന്ന് പറഞ്ഞതോടെ സദസ് കൂക്കുവിളിക്കുവാന്‍ ആരംഭിച്ചു. തുടര്‍ന്നു ചര്‍ച്ച അലോങ്കാലമായി.

ഏഞ്ചല മെര്‍ക്കലയുടെ പ്രത്യേകക്ഷണപ്രകാരമാണ് ഇവാന്‍ക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.