ആ ബിക്കിനി ചിത്രങ്ങൾ ക്രൊയേഷ്യൻ പ്രസിഡന്റിന്റേത് അല്ല; കൊക്കോ ഓസ്റ്റിൻ എന്ന മോഡലിന്റേത്

നമ്മുടെ നാട്ടിലെങ്ങാനുമായിരിക്കണം ചിത്രങ്ങൾ പ്രചരിച്ചത്- പ്രസിഡന്റ് നാടുവിടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തേനെ. അത്രയും സദാചാരക്കുരു എന്തായാലും അന്നാട്ടുകാർക്കില്ല.

ആ ബിക്കിനി ചിത്രങ്ങൾ ക്രൊയേഷ്യൻ പ്രസിഡന്റിന്റേത് അല്ല; കൊക്കോ ഓസ്റ്റിൻ എന്ന മോഡലിന്റേത്

ഇങ്ങനെയും ഒരു പ്രസിഡന്റോ എന്ന് അന്തംവിട്ടുകൊണ്ടാണ് കേരളത്തിലെ വാട്സാപ്പ്- ഫേസ്ബുക്ക് മാധ്യമങ്ങളിലൂടെ ഈ ചിത്രങ്ങൾ പാഞ്ഞു നടന്നത്. ബിക്കിനിയിട്ട് ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ്. ഞങ്ങൾക്കൊന്നും തന്നില്ലല്ലോ ഇങ്ങനെയൊരു പ്രസിഡന്റിനെ എന്നൊക്കെ പറഞ്ഞ് സമൂഹമാധ്യമങ്ങൾ ചിത്രങ്ങൾ ആഘോഷിക്കുകയാണ്. എന്നാൽ ചിത്രങ്ങളിലുള്ളത് ക്രൊയേഷ്യൻ പ്രസിഡന്റ് കൊലിൻഡ ഗ്രാബർ കിറ്ററോവിച്ച് അല്ല എന്ന സ്ഥിരീകരണം അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തേ പുറത്തുകൊണ്ടുവന്നതാണ്. എന്നാൽ ഇരുവരും ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല.

അമേരിക്കൻ മോഡലും നടിയുമായ കൊക്കോ ഓസ്റ്റിന്റേതാണ് ചിത്രങ്ങൾ. അമേരിക്കൻ നടനായ ഐസ്-ടിയുടെ പങ്കാളിയായ കൊക്കോ വിവിധ സ്ഥലങ്ങളിൽ വിനോദ സഞ്ചാരാർത്ഥം പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് കൊലിൻഡ കിറ്ററോവിച്ചിന്റെ പേരിൽ പ്രചരിക്കുന്നത്. ഒന്നിനു പിന്നാലെ ഒന്നായി വിജയിച്ച് ക്രൊയേഷ്യ ഫൈനൽ വരെ എത്തിയപ്പോഴാണ് കേരളത്തിലടക്കം ചിത്രങ്ങൾ പ്രചരിച്ചത്. ചിത്രങ്ങൾ ക്രൊയേഷ്യൻ പ്രസിഡന്റിന്റേതല്ലെന്നും കൊക്കോയുടേതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തേ തന്നെ പറഞ്ഞിരുന്നതാണെങ്കിലും ലോകകപ്പിനോടനുബന്ധിച്ചാണ് ഇപ്പോൾ ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത്.


2015 ഫെബ്രുവരി മുതൽ ക്രൊയേഷ്യയുടെ പ്രസിഡന്റ് സ്ഥാനമലങ്കരിക്കുന്ന അമ്പതുകാരിയായ കൊലിൻഡ യൂറോപ്യൻ അഫെയേഴ്സ് മന്ത്രി, ഫോറിൻ-യൂറോപ്യൻ അഫെയേഴ്സ് മന്ത്രി, അമേരിക്കയിലെ ക്രൊയേഷ്യൻ അംബാസഡർ, ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള നാറ്റോയുടെ പബ്ലിക് ഡിപ്ലോമസി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ തുടങ്ങിയ നിരവധി ദേശീയ അന്തർദേശീയ ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. ക്രൊയേഷ്യൻ ഡെമോക്രാറ്റിക് യൂണിയൻ എന്ന രാഷ്ട്രീയ കക്ഷിയിൽ അംഗമായിരുന്ന കൊലിൻഡ തന്റെ 12 വർഷത്തെ പാർട്ടി ജീവിതം അവസാനിപ്പിച്ച് സ്വതന്ത്രയായാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 49കാരനായ ഭർത്താവ് യാക്കോവ് കിറ്ററൊവിച്ച് രണ്ട് കുട്ടികൾ എന്നിവരടങ്ങുന്നതാണ് കുടുംബം.


Read More >>