വരന്റെ 'അഭിസംബോധന' ഇഷ്ടമായില്ല; വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനിടെ വിവാഹമോചനം

വധു ചെയ്തത് ശരിയാണെന്ന നിലപാടാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം ആളുകളും സ്വീകരിച്ചത്.

വരന്റെ അഭിസംബോധന ഇഷ്ടമായില്ല; വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനിടെ വിവാഹമോചനം

വിവാഹം കഴിഞ്ഞ് ഒരു മാസമൊക്കെ കഴിഞ്ഞുള്ള വിവാഹമോചനങ്ങളെ കുറിച്ചു വരെ കേട്ടിട്ടുണ്ട്. എന്നാൽ വെറും മൂന്നു മിനിറ്റിനിടെ വിവാഹമോചിതരായ ദമ്പതികളുടെ വാർത്തയാണ് ലണ്ടനിൽ നിന്നും വരുന്നത്. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുന്നതിനു മുമ്പു തന്നെ വിവാഹമോചിതരാകാൻ നവദമ്പതികൾ തീരുമാനിക്കുകയായിരുന്നു.

വിവാഹച്ചടങ്ങിനിടെ വരൻ വധുവിനെ വിഡ്ഡി എന്ന് വിളിച്ചതാണ് കുഴപ്പമായത്. ഭർത്താവിന്റെ വിഡ്ഡി വിളിയിൽ കുപിതയായ ഭാര്യ തനിക്ക് എത്രയും പെട്ടെന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ യുവതിയെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ യുവതി ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്ന് മനസ്സിലാക്കിയ ജഡ്ജി വിവാഹം കഴിഞ്ഞ് മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ വിവാഹം റദ്ദ് ചെയ്യുകയായിരുന്നു. രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആയുസ് കുറഞ്ഞ വിവാഹമായിരുന്നു ഇത്. സംഭവം സോഷ്യൽ മീഡിയയിലും വൈറലായിക്കഴിഞ്ഞു.

വധു ചെയ്തത് ശരിയാണെന്ന നിലപാടാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം ആളുകളും സ്വീകരിച്ചത്. പരസ്പര ബഹുമാനം ഇല്ലാതെയുള്ള വിവാഹം തുടക്കം മുതലേ തന്നെ പരാജയമാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. തുടക്കത്തിലേ തന്നെ ഒരാൾ ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ അയാളെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ആയിരുന്നു മറ്റൊരാളുടെ പ്രതികരണം.