മറ്റൊരു ഈസ്റ്റ് ഇന്ത്യ കമ്പനിയാകാൻ ചൈന; പാകിസ്ഥാനെ കോളനിയാക്കാൻ നീക്കം

ചൈനയുടെ പദ്ധതികള്‍ സൂചിപ്പിക്കുന്നതു പാകിസ്ഥാന്‌റെ സാമ്പത്തികരംഗത്തേയ്ക്കു നുഴഞ്ഞു കയറാനുള്ള നീക്കമാണ്...

മറ്റൊരു ഈസ്റ്റ് ഇന്ത്യ കമ്പനിയാകാൻ ചൈന; പാകിസ്ഥാനെ കോളനിയാക്കാൻ നീക്കം

പാകിസ്ഥാനുമായുള്ള ചൈനയുടെ സാമ്പത്തിക ഇടനാഴിയുടെ പിന്നില്‍ ദീര്‍ഘകാലത്തേയ്ക്കുള്ള പദ്ധതികള്‍. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അതേ രീതിയിലായിരിക്കും ചൈന പാകിസ്ഥാനില്‍ ചെയ്യുകയെന്നു നിരീക്ഷകര്‍ പറയുന്നു.

പാകിസ്ഥാന്‍ പത്രമായ ഡോന്‍ റിപ്പോര്‍ട്ടു ചെയ്തതനുസരിച്ചു ആയിരക്കണക്കിനു പാകിസ്ഥാന്‍ കൃഷിഭൂമി ചൈനീസ് കമ്പനികള്‍ക്കു പാട്ടത്തിനു കൊടുക്കാന്‍ കരാറായിട്ടുണ്ട്. അവിടെ ഫൈബര്‍ ഓപ്റ്റിക് സിസ്റ്റം പോലെയുള്ള പദ്ധതികള്‍ തുടങ്ങി ഒപ്പം ചൈനീസ് സംസ്‌കാരവും വളര്‍ത്തുക എന്നതാണു ചൈനയുടെ ലക്ഷ്യം.

പ്രൊപ്പോസല്‍ ഉറപ്പാക്കുന്നതു പാകിസ്ഥാന്‍ ചൈനയുടെ സാമ്പത്തിക കോളനിയാകുമെന്നാണ്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി സിന്‍ജിയാങില്‍ നിന്നും ബലോചിസ്ഥാനിലെ ഗ്വാദറിലേയ്ക്കുള്ള ബന്ധം സാധ്യമാക്കും. ചൈനയുടെ പദ്ധതികള്‍ സൂചിപ്പിക്കുന്നതു പാകിസ്ഥാന്‌റെ സാമ്പത്തികരംഗത്തേയ്ക്കു നുഴഞ്ഞു കയറാനുള്ള നീക്കമാണ്. ഇന്ത്യയ്ക്കും അത്ര നല്ല വാര്‍ത്തയല്ലത്.

പാകിസ്ഥാൻ്റെ പരമാധികാരം നഷ്ടപ്പെടുമ്പോള്‍ കിഴക്കു പടിഞ്ഞാറന്‍ മേഖലയിലെ ചൈനയുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്കു തലവേദനയാകും. ഇന്ത്യയ്ക്കു ചുറ്റും ഒരു അദൃശ്യവലയം സൃഷ്ടിക്കുകയാണു ചൈന എന്നു പറയാം.

പാകിസ്ഥാന്‍ പാട്ടത്തിനു കൊടുത്ത ഭൂമിയില്‍ വിത്തുത്പാദനം മുതല്‍ ജലസേചന പദ്ധതികള്‍ വരെ തുടങ്ങാനാണു ചൈനയുടെ തീരുമാനം. പെഷവാറില്‍ നിന്നും കറാച്ചി വരെ മുഴുവന്‍ സമയ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും. നാഷണല്‍ ഫൈബര്‍ ഓപ്റ്റിക് ശൃംഖല ഇൻ്റര്‍നെറ്റിനു മാത്രമായിരിക്കില്ല ഉപയോഗിക്കുക. ടെലിവിഷന്‍ പ്രക്ഷേപണത്തിനും അകുപയോഗിക്കും. അതുവഴി ചൈനീസ് സംസ്‌കാരം പ്രചരിപ്പിക്കാനാണു നീക്കം.

എന്നാല്‍, സിപിഇസി പാക് ജനതയ്ക്കു പ്രയോജനപ്പെടുമെന്നാണു പാകിസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്. കൃഷിയും ഊര്‍ജ്ജവും ബന്ധപ്പെടുത്തുക വഴി സാമ്പത്തികരംഗത്തും ഉയര്‍ച്ചയുണ്ടാകും എന്നു പാകിസ്ഥാര്‍ പ്രതീക്ഷിക്കുന്നു.

ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ വിമര്‍ശകര്‍ പറയുന്നത് ഇതവരുടെ നാടിനേയും സംസ്‌കാരത്തിനേയും കൈയേറ്റം ചെയ്യുന്നതാണെന്നാണ്. പാകിസ്ഥാന്‌റെ കാര്‍ഷിക, വ്യവസായ രംഗങ്ങളില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കും പുതിയ ഉടമ്പടികള്‍ എന്നു പാക് സര്‍ക്കാരും ആവര്‍ത്തിക്കുന്നുണ്ട്.

എന്നിരുന്നാലും, ഏറ്റവും പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നതു സുരക്ഷയും രാഷ്ട്രീയവശങ്ങളുമാണ്. പാകിസ്ഥാനില്‍ പിടി മുറുക്കുന്ന ചൈന ഒരിക്കലും ഇന്ത്യയ്ക്കു താല്പര്യമുള്ളതായിരിക്കില്ല. ഇന്ത്യ-പാക്-ചൈന നയതന്ത്രബന്ധങ്ങളെ സാരമായി ബാധിക്കുന്നതായിരിക്കും ചൈനയുടെ പുതിയ പാക് കോളനി.

Read More >>