ലോകത്ത് വധശിക്ഷകളില്‍ ഒന്നാമന്‍ ചൈന; 2016 ല്‍ ആയിരക്കണക്കിന് പേരെ വധിച്ചെന്ന് ആംനസ്റ്റി ഇന്‌റര്‍നാഷണല്‍

വിദേശികള്‍ ഉള്‍പ്പടെയുള്ള നൂറ് കണക്കിന് വധശിക്ഷകള്‍ ചൈനയുടെ കോടതി വിധികളുടെ ഡാറ്റാബേസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്‌റെ കൊലപാതകത്തിന്‌റെ അളവ് ഒളിച്ചു വയ്ക്കാനാണ് അങ്ങിനെ ചെയ്തിട്ടുള്ളതെന്ന് ആംനസ്റ്റി ആരോപിക്കുന്നു.

ലോകത്ത് വധശിക്ഷകളില്‍ ഒന്നാമന്‍ ചൈന; 2016 ല്‍ ആയിരക്കണക്കിന് പേരെ വധിച്ചെന്ന് ആംനസ്റ്റി ഇന്‌റര്‍നാഷണല്‍

2016 ല്‍ ലോകരാജ്യങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത് ചൈനയെന്ന് ആംനസ്റ്റി ഇന്‌റര്‍നാഷണല്‍. ലോകത്ത് വധശിക്ഷകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്.

ആയിരക്കണക്കിനു ആളുകളെ ഈ ഏഷ്യന്‍ ഭീമന്‍ കൊന്നുവെന്നാണ് ആംനസ്റ്റി പറയുന്നത്. പത്രവാര്‍ത്തകളും കോടതിരേഖകളും പരിശോധിച്ചിട്ടാണ് ഈ കണക്കുകളില്‍ എത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ലോകത്താകമാനം 1032 വധശിക്ഷകളാണ് നടന്നിട്ടുള്ളത്. 2015 നെ അപേക്ഷിച്ച് 37 ശതമാനത്തിന്‌റെ കുറവ്. ഇതില്‍ 87 ശതമാനം വധശിക്ഷകളും നടന്നിട്ടുള്ളത് ചൈന, ഇറാന്‍, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളിലാണ്.

വിദേശികള്‍ ഉള്‍പ്പടെയുള്ള നൂറ് കണക്കിന് വധശിക്ഷകള്‍ ചൈനയുടെ കോടതി വിധികളുടെ ഡാറ്റാബേസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്‌റെ കൊലപാതകത്തിന്‌റെ അളവ് ഒളിച്ചു വയ്ക്കാനാണ് അങ്ങിനെ ചെയ്തിട്ടുള്ളതെന്ന് ആംനസ്റ്റി ആരോപിക്കുന്നു. മരണസംഖ്യ രഹസ്യമാക്കി വയ്ക്കാനാണ് ഭരണകൂടത്തിന്‌റെ താല്‍പര്യം.

'എണ്ണം ഞെട്ടിപ്പിക്കുന്നത്ര വലുതായിരിക്കും, അത് ലോകത്തിനെ അറിയിക്കാന്‍ ചൈനയ്ക്ക് താല്‍പര്യമുണ്ടാവില്ല,' ആംനസ്റ്റിയുടെ ഈസ്റ്റ് ഏഷ്യ ഡയറക്ടര്‍ നിക്കോളാസ് ബെക്വിലിന്‍ പറഞ്ഞു. 2014-2016 കാലയളവില്‍ 931 പേര്‍ വധശിക്ഷയ്ക്ക് വിധേയരായിട്ടുണ്ടെങ്കിലും 85 എണ്ണമേ ഡാറ്റാബേസില്‍ കാണിച്ചിട്ടുള്ളൂയെന്നും നിക്കോളാസ് പറഞ്ഞു.

ദുയി ഹുവ ഫൗണ്ടേഷല്‍ എന്ന സംഘടന പറയുന്നതനുസരിച്ച് ചൈനയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ കൂടി വന്നാല്‍ രണ്ട് മാസം വരെയേ ശിക്ഷ നടപ്പിലാക്കാന്‍ താമസമുണ്ടാകുകയുള്ളു. വധശിക്ഷ നിലവിലുള്ള രാജ്യങ്ങള്‍ വിരലിലെണ്ണാവുന്നതേയുള്ളു ഇപ്പോള്‍.

Read More >>