റോബോട്ടുകളെ വൈദികരാക്കിയാലെ ക്രൈസ്തവ സഭയിലെ ലൈംഗികാതിക്രമം തടയാനാകൂവെന്ന് കന്യാസ്ത്രീ

റോബോട്ട് വൈദികര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നും ഇവര്‍ ലിംഗ സമത്വം പാലിക്കുമെന്നും കന്യാസ്ത്രീ അഭിപ്രായപ്പെട്ടു.

റോബോട്ടുകളെ വൈദികരാക്കിയാലെ ക്രൈസ്തവ സഭയിലെ ലൈംഗികാതിക്രമം തടയാനാകൂവെന്ന് കന്യാസ്ത്രീ

ക്രൈസ്തവ സഭയിലെ ലൈംഗികാതിക്രമങ്ങള്‍ക്ക് പരിഹാരമായി റോബോട്ട് വൈദികരെ പരിഗണിക്കണമെന്ന് കന്യാസ്ത്രീ. വില്ലനോവ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഫ്രാന്‍സിസ്‌കന്‍ സഭാംഗം ഡോ. ഇലിയാ ദെലിയോയുടേതാണ് ഈ അഭിപ്രായം.

കത്തോലിക്കാ സഭയിൽ ലൈംഗികാതിക്രമങ്ങള്‍ മൂലമുള്ള നിരവധി പ്രശ്‌നങ്ങൾ ഉണ്ട്. അതിനാൽ റോബോട്ട് വൈദികന്റെ സാധ്യത പരിഗണിക്കാവുന്നതാണ്. റോബോട്ടുകളെ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യര്‍ ഭയക്കേണ്ടതില്ലെന്നും അവരെ പങ്കാളികളായി കണ്ടാല്‍ മതിയെന്നും ഇലിയ ദെലിയോ പറഞ്ഞു.

കത്തോലിക്കാ സഭയില്‍ പുരുഷനാണ് മേല്‍ക്കോയ്മ. പുരുഷാധിപത്യം ശക്തമാണ്, ഇതിന് പരിഹാരമാണ് റോബോട്ട് വൈദികര്‍. റോബോട്ട് വൈദികര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നും ഇവര്‍ ലിംഗ സമത്വം പാലിക്കുമെന്നും ഇലിയാ ദെലിയോ അഭിപ്രായപ്പെട്ടു.

വൈദികര്‍ ക്രൈസ്തവ സഭയെ പുരുഷാധിപത്യ സമൂഹമാക്കി മാറ്റിയെന്നും ദെലിയോ കുറ്റപ്പെടുത്തി. കൃത്രിമ ബുദ്ധിയിലൂടെയാണ് ഇതിന് പരിഹാരം കണ്ടെത്താനാവുകയെന്നും അവര്‍ പറഞ്ഞു.

ഈ മാസമാദ്യം ജപ്പാനിലെ ഒരു ബുദ്ധ ക്ഷേത്രത്തില്‍ കാർമികനായി ഒരു റോബോട്ട് പുരോഹിതൻ എത്തിയിരുന്നു. അതിന് പിറകെയാണ് കന്യാസ്ത്രീ ഈ അഭിപ്രായ പ്രകടനം നടത്തിയത്. എന്നാല്‍ ഇതിനെതിരെയും വാദഗതികള്‍ ഉയര്‍ന്നിട്ടുണ്ട്. റോബോട്ടുകള്‍ക്ക് ധാരണാശക്തിയും മനശ്ശക്തിയും ഇല്ലാത്തതിനാല്‍ ദൈവകൃപ ലഭിക്കില്ലെന്നും മനുഷ്യന്റെ ആത്മീയതയും പരസ്പര സഹവര്‍ത്തിത്ത്വവും അനുഗ്രഹീതമായ മനസില്‍ നിന്നാണ് ഉണ്ടാവുന്നത് എന്നാണ് കത്തോലിക്കാ വിശ്വാസമെന്നാണ് വാദം.

Read More >>