ബ്രിട്ടനില്‍ തൂക്കുസഭ; പ്രധാനമന്ത്രി തെരേസ മെയ്ക്കു തിരിച്ചടി; ലേബര്‍ പാര്‍ട്ടിയ്ക്കു മുന്നേറ്റം

ആകെയുള്ള 650 സീറ്റുകളില്‍ 640സീറ്റുകളിലെ ഫലം പുറത്തു വന്നു. കേവലഭൂരിപക്ഷത്തിനു വേണ്ട 326 സീറ്റുകള്‍ ആര്‍ക്കും ലഭിച്ചില്ല. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് 312 സീറ്റുകളും പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയ്ക്ക് 259സീറ്റുമാണ് ലഭിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ തൂക്കുസഭയാകാനാണ് സാധ്യത.

ബ്രിട്ടനില്‍ തൂക്കുസഭ; പ്രധാനമന്ത്രി തെരേസ മെയ്ക്കു തിരിച്ചടി; ലേബര്‍ പാര്‍ട്ടിയ്ക്കു മുന്നേറ്റം

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി. വോട്ടെണ്ണല്‍ അവസാവഘട്ടത്തിലെത്തുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായി. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തി. 640സീറ്റുകളിലെ ഫലം വന്നപ്പോള്‍ 312സീറ്റുകളാണ് ടോറികള്‍ക്ക് ലഭിച്ചത്. നിലവില്‍ 330 സീറ്റാണ് ഇവര്‍ക്കുള്ളത്. കേവലഭൂരിപക്ഷത്തിനു 326 സീറ്റാണ് മന്ത്രിസഭാ രൂപീകരണത്തിനു വേണ്ടത്.

ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി 229 സീറ്റില്‍ നിന്നും 259ആയി നില മെച്ചപ്പെടുത്തി. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയ്ക്ക് 34 ഉം ലിബറല്‍ ഡെമോക്രാറ്റിനു 12ഉം ഡെമോക്രാറ്റിക് യൂണിയനിസ്റ്റിനു 10ഉം സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്.

വോട്ടെണ്ണലിന്റെ ആരംഭം മുതല്‍ ലീഡു നിലനിര്‍ത്തി മുന്നേറിയ ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തല്‍. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കും തോറും നില മെച്ചപ്പെടുത്തിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. മെയ്ഡന്‍ഹെയ്ഡില്‍ നിന്നും മത്സരിച്ച പ്രധാനമന്ത്രി തെരേസ മേയും ഇസ്ലിംഗ്ടണില്‍ നിന്നും ജനവിധി തേടിയ ജെറമി കോര്‍ബിനും വിജയിച്ചു.

കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം ശേഷിക്കേ ജനവിധി അനുകൂലമാക്കി ബ്രെക്‌സിറ്റനു ശക്തിപകരാനുള്ള തെരേസ മേയുടെ നീക്കത്തിനു പലം തിരിച്ചടിയാണ്. ബ്രെക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്തു വന്നതിനു ശേഷം പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് തെരേസ മേയ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.