ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം: അന്താരാഷ്ട്രവിഷയങ്ങളില്‍ വിട്ടുവീഴ്ച ബുദ്ധിമുട്ടാകുമെന്ന് ചൈനീസ് മാധ്യമങ്ങള്‍

രാജ്യാന്തരതലത്തില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനാണ് ഇന്ത്യയിപ്പോള്‍ ശ്രമിക്കുന്നതെന്നും നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായേക്കുമെന്നും ഗ്ലോബല്‍ ടൈംസ്

ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം: അന്താരാഷ്ട്രവിഷയങ്ങളില്‍ വിട്ടുവീഴ്ച ബുദ്ധിമുട്ടാകുമെന്ന് ചൈനീസ് മാധ്യമങ്ങള്‍

തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയത്തില്‍ ആശങ്കയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ്. സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ശക്തി വര്‍ധിക്കുന്നത് പ്രധാനമന്ത്രി മോഡിയുടെ കടുംപിടുത്ത നിലപാടുകള്‍ കൂടുതല്‍ ശക്തിപ്പെടുന്നതിന് കാരണമാകുമെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇനി വിട്ടുവീഴ്ചയുണ്ടാകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ഗ്ലോബല്‍ ടൈംസ് വിലയിരുത്തുന്നു.

നരേന്ദ്രമോദിയുടെ വരവോടെ ഇന്ത്യയുടെ നിക്ഷ്പക്ഷ നിലപാടുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും രാജ്യാന്തരതലത്തില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനാണ് ഇന്ത്യയിപ്പോള്‍ ശ്രമിക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും മോദി വിജയിച്ചാല്‍ മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദാന്തരീക്ഷത്തിന് ദോഷമുണ്ടാകും. ചൈനീസ് അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കൊപ്പം ഹോളി ആഘോഷിച്ചത് ഇതിനുദാഹരണമായി ഗ്ലോബല്‍ടൈംസ് ചൂണ്ടിക്കാട്ടുന്നു. ജപ്പാനുമായും അമേരിക്കയുമായുമുള്ള പ്രതിരോധ സഹകരണത്തിന് തയ്യാറായതും ദക്ഷിണ ചൈനാ കടലിലെ യുഎസ് നിലപാടിനെ പിന്തുണച്ചതും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ചൈനീസ് വിരുദ്ധ നിലപാടുകള്‍ ഗ്ലോബല്‍ ടൈംസ് എടുത്തു പറയുന്നുണ്ട്.

മോദി ഭരണകാലത്ത് ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുകളുണ്ടാകുമെന്ന മുന്നറിയിപ്പാണ് ലേഖനത്തിലൂടെ ഗ്ലോബല്‍ ടൈംസ് പരോക്ഷമായി നല്‍കുന്നത്. അതേസമയം സ്വീകാര്യമായ വിഷയങ്ങളിലുള്ള മോദിയുടെ കടുത്ത തീരുമാനങ്ങള്‍ അതിര്‍ത്തിപ്രശ്‌നങ്ങളില്‍ ചിലപ്പോള്‍ സഹായകമായേക്കുമെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.