ആദ്യമായി ബാര്‍ബി ഹിജാബ് ധരിച്ചു; മോഡലായത് ഇബ്തിഹാജ് മുഹമ്മദ്

പ്രചോദനാത്മകമായ വിജയം നേടുന്ന വനിതകളെ വിശേഷിപ്പിക്കുന്ന ഷിയും ഹീറോയും ചേര്‍ന്ന 'ഷീറോ' എന്ന വിശേഷണമാണ് ഇബ്തിഹാജിനെ മോഡലാക്കിയ പാവയ്ക്കും നല്‍കിയിരിക്കുന്നത്. ഗ്ലാമര്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ് ഇയര്‍ പ്രോഗ്രാമില്‍ വച്ചാണ് ബാര്‍ബി ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്...

ആദ്യമായി ബാര്‍ബി ഹിജാബ് ധരിച്ചു; മോഡലായത് ഇബ്തിഹാജ് മുഹമ്മദ്

ലോകത്തിലാദ്യമായി തട്ടമിട്ട പാവ വരുന്നു, ഇറക്കുന്നത് വേറാരുമല്ല. പാവ നിര്‍മ്മാണ രംഗത്തെ കോര്‍പറേറ്റ് ഭീമന്‍മാരായ ബാര്‍ബി തന്നെ. ഒളിമ്പിക് ഫെന്‍സര്‍ ഇബ്തിഹാജ് മുഹമ്മദിനെ മോഡലാക്കിയാണ് ബാര്‍ബി പാവക്കുട്ടി വിപണിയിലെത്തുന്നത്. ഹിജാബ് ധരിച്ച് ഒളിമ്പിക് വേദിയില്‍ വാള്‍പ്പയറ്റിനിറങ്ങിയ ആദ്യത്തെ വനിതയും കൂടിയാണ് ഇബ്തിഹാജ്. 2016 ലെ ഒളിമ്പിക്‌സിലാണ് ഇബ്തിഹാജ് ഹിജാബിട്ട് കളിക്കളത്തിലിറങ്ങി മെഡല്‍ സ്വന്തമാക്കിയത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ അമേരിക്കന്‍-മുസ്ലീം വനിത എന്ന ബഹുമതിയും മുപ്പത്തിയൊന്നുകാരിയായ ഇബ്തിഹാജിന് സ്വന്തമായുണ്ട്. അടുത്തവര്‍ഷം ഹിജാബണിഞ്ഞ പാവയെ പുറത്തിറക്കാനാണ് ബാര്‍ബി തീരുമാനിച്ചിരിക്കുന്നത്.
'ബാര്‍ബി കുടുംബത്തില്‍ ഒരംഗമാകാന്‍ സാധിക്കുന്നതില്‍ എനിക്ക് വളരെയേറെ സന്തോഷവും അഭിമാനവുമുണ്ട്. അവരുടെ ഏറ്റവും പുതിയ അംഗമായി എന്നെ തെരെഞ്ഞെടുത്തതിന് ഞാന്‍ നന്ദി പറയുന്നു. ഹിജാബ് ധരിച്ച പാവയ്‌ക്കൊപ്പം എല്ലാ കൊച്ചുപെണ്‍കുട്ടികളും കളിക്കാന്‍ ആരംഭിക്കും എന്നറിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ ബാല്യകാല സ്വപ്‌നം പൂവണിഞ്ഞത് പോലെയാണ് എനിക്ക് തോന്നുന്നത്.'' ഇബ്തിഹാജ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിശദീകരിക്കുന്നു.

പ്രചോദനം നല്‍കുന്ന വിജയം നേടുന്ന വനിതകളെ വിശേഷിപ്പിക്കുന്ന ഷിയും ഹീറോയും ചേര്‍ന്ന 'ഷീറോ' എന്ന വിശേഷണമാണ് ഇബ്തിഹാജിനെ മോഡലാക്കിയ പാവയ്ക്കും നല്‍കിയിരിക്കുന്നത്. ഗ്ലാമര്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ് ഇയര്‍ പ്രോഗ്രാമില്‍ വച്ചാണ് ബാര്‍ബി ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 'അതിര്‍ത്തികള്‍ ഭേദിക്കാന്‍ തക്ക പ്രചോദനാത്മകമാണ് ഇബ്തിഹാജിനെപ്പോലെയുള്ളവരുടെ ജീവിത വിജയങ്ങള്‍' എന്നാണ് ഗ്ലാമര്‍ മാഗസിന്റെ ട്വീറ്റ്. പാവ രൂപകല്‍പ്പന ചെയ്തതിന് ശേഷമാണ് അതിന് ഇബ്തിഹാജിനെ മാതൃകയാക്കാമെന്ന് തീരുമാനിച്ചതെന്ന് ബാര്‍ബി കമ്പനി പറയുന്നു.

Read More >>