സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്ഥാൻ തടവിലാക്കിയ 78 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി

രണ്ട് വര്‍ഷം മുമ്പാണ് മത്സ്യതൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 78 ഇന്ത്യക്കാരെ പിടികൂടിയത്.കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈദി ഫൗണ്ടേഷനാണ് മത്സ്യതൊഴിലാളികളെ സുരക്ഷിതമായി പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്ഥാൻ തടവിലാക്കിയ 78 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ 78 ഇന്ത്യക്കാർ ജയിൽ മോചിതരായി. രണ്ട് വര്‍ഷം മുമ്പാണ് മത്സ്യതൊഴിലാളികളായ ഇവരെ പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബോട്ടുകളും സുരക്ഷാസേന പിടിച്ചെടുത്തിരുന്നു. തിങ്കളാഴ്ച്ചയാണിവർ ജയില്‍ മോചിതരായത്.

കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈദി ഫൗണ്ടേഷനാണ് മത്സ്യതൊഴിലാളികളെ സുരക്ഷിതമായി പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. കറാച്ചിയില്‍ നിന്നും ലാഹോര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ മത്സ്യതൊഴിലാളികള്‍ക്ക് ഭക്ഷണം, വെള്ളം, ജ്യൂസ് തുടങ്ങിയവ നല്‍കിയിരുന്നു. വാഗാ അതിര്‍ത്തി മുതൽ ഇന്ത്യന്‍ സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു ഇവര്‍ നാട്ടിലേക്കുള്ള സഞ്ചാരം തുടർന്നത്.

പാകിസ്താന്‍ ജയിലില്‍ തടവുകാരായ മത്സ്യതൊഴിലാളികളെ മോചിപ്പിക്കാന്‍ ഇദി ഫൗണ്ടേഷനാണ് സഹായവുമായി മുന്നോട്ട് വന്നത്.

2015 ലാണ് ഇദി ഫൗണ്ടേഷന്‍ മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇദി ഫൗണ്ടേഷന്‍ മത്സ്യതൊഴിലാളികള്‍ക്ക് 5000 രൂപയും വസ്ത്രങ്ങളും സമ്മാനമായി നല്‍കി. ''ഞാന്‍ ജയിലില്‍ ചെലവഴിച്ച സമയം ഇനി മറന്നേക്കാം. ഇദി ഫണ്ടേഷന്റെ പ്രവര്‍ത്തകര്‍ കാണിച്ച സ്‌നേഹം; അത് വിലമതിക്കാനാവാത്തതാണ് ''-ജയില്‍ മോചിതനായ കര്‍സന്‍ പറഞ്ഞു.

സമുദ്രാതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട് ആദ്യത്തെ സംഭവമല്ല ഇത്. ഇരു രാജ്യങ്ങളിലെ മത്സ്യതൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘനവുമായി വിവിധ ജയിലുകളില്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെ മത്സ്യതൊഴിലാളികള്‍ വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിക്കുന്നതായി പാക്കിസ്ഥാൻ പത്രമായ ദി നേഷന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

നിയമനിര്‍മ്മാണങ്ങളും രേഖകള്‍ തയ്യാറാക്കാന്‍ എടുക്കുന്ന കാലതാമസവും ഇരു രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തിനുണ്ടായ വീഴ്ച്ചയും ഇപ്പോള്‍ വിചാരണ നീണ്ടുപോകുന്നത്തിനു കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കറാച്ചി ജയിലില്‍ 298 ഇന്ത്യൻ മത്സ്യതൊഴിലാളികള്‍ തടവിലുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.Read More >>