ബലൂചിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം: 25 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാന്‍ സെനറ്റിലെ ഡെപ്യൂട്ടി ചെയര്‍മാന്‍ മൗലാന അബ്ദുള്‍ ഗഫൂര്‍ ഹൈദേരിയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ബലൂചിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം: 25 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാന്‍ സെനറ്റിലെ ഡെപ്യൂട്ടി ചെയര്‍മാന്‍ മൗലാന അബ്ദുള്‍ ഗഫൂര്‍ ഹൈദേരിയെ ലക്ഷ്യം വെച്ചുള്ള ചാവേറാക്രമണമാണ് നടന്നതെന്ന് സെനറ്റ് ചെയര്‍മാന്‍ റാസ റബ്ബാനി പറഞ്ഞു. ആക്രമണത്തില്‍ പരുക്കുകളോടെ ഗഫൂര്‍ ഹൈദേരി രക്ഷപെട്ടു. വെളളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ് ആക്രമണം നടന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വട്ടയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ ദൂരെയാണ് സംഭവം.

പരിക്കേറ്റവരില്‍ 15 പേരുടെ നില ഗുരുതരമാണെന്ന് മാസ്തംഗ് ആശുപത്രി പി ആര്‍ ഒ മാലിക്ക് ജിബ്രാന്‍ പറഞ്ഞു. മൗലാന ഫസലുര്‍ റഹ്മാന്റെ ജമാ അത്ത് ഉലമ ഇ ഇസ്ലാം ഫസല്‍ എന്ന സംഘടനയുടെ നേതാവാണ് പരിക്കേറ്റ ഗഫൂര്‍ ഹൈദേരി. ഇദ്ദേഹത്തിന്റെ അനുയായികളാണ് കൊല്ലപ്പെട്ടവരിലേറെയും.

ആക്രമണത്തില്‍ ഗഫൂര്‍ ഹൈദേരിയുടെ ഡ്രൈവറും കൊല്ലപ്പെട്ടു. കാര്‍ പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനം നടക്കുന്ന സമയത്ത് കാറിനകത്തല്ലാതിരുന്നതിനാലാണ് ഗഫൂര്‍ ഹൈദേരി രക്ഷപെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.Read More >>