ഗ്വാട്ടിമാലയില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ തീപ്പിടിത്തം; 20 പെണ്‍കുട്ടികളും പാചകക്കാരനും വെന്തുമരിച്ചു

13 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളാണ് അഗ്നിബാധയ്ക്ക് ഇരയായതെന്ന് നാഷണല്‍ സിവില്‍ പൊലീസ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ഗ്വാട്ടിമാല സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗ്വാട്ടിമാലയില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ തീപ്പിടിത്തം; 20 പെണ്‍കുട്ടികളും പാചകക്കാരനും വെന്തുമരിച്ചു

ഗ്വാട്ടിമാല സിറ്റിയില്‍ ചില്‍ഡ്രന്‍സ് ഹോമിലുണ്ടായ തീപ്പിടിത്തത്തില്‍ 20 പെണ്‍കുട്ടികളും പാചകക്കാരനും വെന്തുമരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്. സാന്‍ ജോസ് പിനുലയിലെ വെര്‍ജിന്‍ ഡിലാ അസുന്‍സിയോന്‍ സേഫ് ഹോമില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് ദുരന്തം.

13 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളാണ് അഗ്നിബാധയ്ക്ക് ഇരയായതെന്ന് നാഷണല്‍ സിവില്‍ പൊലീസ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ഗ്വാട്ടിമാല സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ രാവിലെ ഭക്ഷണം കഴിക്കാന്‍ പോവുന്ന സമയം ഒരു ബെഡ്ഡിലാണ് ആദ്യം തീ പിടിച്ചതായി കണ്ടതെന്ന് ഗ്വാട്ടിമാല ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് അറ്റോര്‍ണി അബ്‌നര്‍ ഡേവിഡ് പാരഡൈസ് ക്രൂസ് പറഞ്ഞു.

ഗാര്‍ഹിക പീഡനത്തിനും ലൈംഗിക പീഡനത്തിനും ഇരയായതും തെരുവില്‍ അലയുന്നവരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ കുട്ടികളെ പാര്‍പ്പിക്കുന്ന സര്‍ക്കാര്‍ വക ചില്‍ഡ്രന്‍സ് ഹോം ആണിത്. അതേസമയം, 400 പേര്‍ക്ക് താമസിക്കാവുന്ന കെട്ടിടത്തില്‍ 748 കുട്ടികളെയാണ് പാര്‍പ്പിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്. തീപ്പിടത്തെ തുടര്‍ന്ന് 60ഓളം കുട്ടികള്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും രക്ഷപെട്ടു.


അതേസമയം, ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറാലെസ് ഇരകളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.