കാണാതായ നിസാമുദ്ദീന്‍ ദര്‍ഗ പുരോഹിതരെ ഐ എസ് ഐ തടവിലാക്കിയതായി റിപ്പോര്‍ട്ട്

ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് കാണാതായ ഇരുവരേയും പാക്ക് ചാരസംഘടന തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍

കാണാതായ നിസാമുദ്ദീന്‍ ദര്‍ഗ പുരോഹിതരെ ഐ എസ് ഐ തടവിലാക്കിയതായി റിപ്പോര്‍ട്ട്

പാക്കിസ്താന്‍ സന്ദര്‍ശനത്തിനിടെ കാണാതായ ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയിലെ രണ്ട് പുരോഹിതര്‍ പാക്ക് ചാരസംഘടനയായ ഐ എസ് ഐയുടെ തടങ്കലിലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 8ന് പാക്കിസ്താനിലേക്ക് പോയ രണ്ട് സൂഫി പുരോഹിതന്‍മാരെയാണ് കഴിഞ്ഞ ദിവസം ലാഹോര്‍ വിമാനത്താവളത്തില്‍ നിന്ന് കാണാതായത്. പി ടി ഐയാണ് ഈ വാര്‍ത്ത പുറത്തിവിട്ടിരിക്കുന്നത്.

ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ ആസിഫ് നിസാമി, മറ്റൊരു പുരോഹിതനായ നസിം നിസാമി എന്നിവരെയാണ് പാക്കിസ്താനില്‍ വെച്ച് കഴിഞ്ഞ ദിവസം കാണാതായത്. ഇരുവരേയും ഐ എസ് ഐ തടങ്കലിലാക്കിയിട്ടുണ്ടാകാമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു. കറാച്ചിയിലുള്ള സഹോദരിയോടൊപ്പം താമസിക്കുകയായിരുന്ന ആസിഫ് അലി ലാഹോറിലുള്ള ചില സൂഫി പള്ളികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷം കറാച്ചിയിലേക്ക് തിരികെപ്പോകാന്‍ വിമാനത്താവളത്തിലെത്തിയ ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. ബുധനാഴ്ച വൈകിട്ട് 4.25 മുതല്‍ ആസിഫ് അലിയുടെ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്.