വിനോദ സഞ്ചാര ഭൂപടത്തിലെ കെനിയ

കെനിയയുടെ ടൂറിസം ഇനിയും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. 2008 ഏപ്രിലിൽ ബെസ്റ്റ് ലെയ്ഷർ ഡെസ്റ്റിനേഷൻ പുരസ്‌കാരം ലഭിച്ചതോടെയാണ് ടൂറിസം മാപ്പിൽ കുറച്ചെങ്കിലും ഇടം മാറ്റിവെക്കാൻ വിനോദ സഞ്ചാരികൾ തയ്യാറായത്.

വിനോദ സഞ്ചാര ഭൂപടത്തിലെ കെനിയ

സഫാരി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ദക്ഷിണാഫ്രിക്കയാണ്. ദക്ഷിണാഫ്രിക്കൻ വനാന്തരങ്ങളിലേക്ക് കാടിന്റെ വന്യത അറിയാൻ നടത്തുന്ന യാത്രകൾ കാലാകാലങ്ങളായി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പക്ഷേ, സഫാരിയിൽ ദക്ഷിണാഫ്രിക്കയെ വെല്ലാൻ മറ്റൊരു രാജ്യമുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ലോകത്തിലെ ഏറ്റവും വലിയ മൃഗത്തോട്ടം എന്നറിയപ്പെടുന്ന കെനിയയിലെ മസായ് മര സഫാരി ടൂറിസത്തിൽ ദക്ഷിണാഫ്രിക്കയെ പിന്തള്ളാൻ ഏറെ വർഷങ്ങളൊന്നും വേണ്ട. കെനിയയിലെ നറോക്ക് കൗണ്ടിയിലാണ് മസായ് മര. സിംഹവും പുള്ളിപ്പുലിയും ചീറ്റയുമടക്കം കാടിന്റെ വന്യത മസായ് മരയെ പിശുക്കില്ലാതെ അനുഗ്രഹിച്ചിട്ടുണ്ട്.

1961 ലാണ് മസായ് മര വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെടുന്നത്. 520 കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന ഈ വന്യജീവിസങ്കേതം 1994 ലാണ് ഇന്ന് കാണുന്ന രൂപത്തിലേക്കെത്തിയത്. പുലി, ആഫ്രിക്കൻ ആന, സിംഹം, കാട്ടുപോത്ത്, കാണ്ടാമൃഗം തുടങ്ങി മുതലയും കുറുക്കന്മാരും വരെ ഇവിടെ സ്വൈര്യവിഹാരം നടത്തുന്നു.

കെനിയയുടെ ടൂറിസം ഇനിയും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. 2008 ഏപ്രിലിൽ ബെസ്റ്റ് ലെയ്ഷർ ഡെസ്റ്റിനേഷൻ പുരസ്‌കാരം ലഭിച്ചതോടെയാണ് ടൂറിസം മാപ്പിൽ കുറച്ചെങ്കിലും ഇടം മാറ്റിവെക്കാൻ വിനോദ സഞ്ചാരികൾ തയ്യാറായത്. മസായ് മര വന്യജീവി സങ്കേതം മാത്രമല്ല കെനിയ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. കോര നാഷണൽ പാർക്ക്, ലേക്ക് നക്കുരു നാഷണൽ പാർക്ക് തുടങ്ങി ഏഴിലധികം വന്യജീവി, പക്ഷി സങ്കേതങ്ങളും ബീച്ചുകളും ട്രൈബൽ ഊരുകളും അവിടുത്തെ ആഘോഷങ്ങളും നിറഞ്ഞ വലിയ ഒരു അവസരമാണ് കെനിയ.

കൊച്ചിയിൽ നിന്നും നെയ്‌റോബി വരെ 14 മുതൽ 18 മണിക്കൂർ വരെയാണ് യാത്രാ സമയം. എയർ ഇന്ത്യയും എത്തിഹാദുമടക്കം പ്രശസ്തമായ പല വിമാനക്കമ്പനികളും നെയ്‌റോബോയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

Read More >>