പാരീസ് വിമാനത്താവളത്തിലേത് ഭീകരാക്രമണ ശ്രമമെന്ന് സൂചന; കൊല്ലപ്പെട്ടയാള്‍ 'അള്ളാഹുവിന്' വേണ്ടി മരിക്കുക' എന്ന് വിളിച്ചു പറഞ്ഞതായി പ്രോസിക്യൂട്ടര്‍

39 വയസുള്ള സിയാദ് നേരത്തെ തന്നെ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. തീവ്ര മതാശയങ്ങള്‍ പിന്തുടര്‍ന്നുവന്ന ഇയാള്‍ മയക്കുമരുന്ന് കള്ളക്കടത്തിന് ജയിലില്‍ കിടന്നിട്ടുണ്ട്

പാരീസ് വിമാനത്താവളത്തിലേത് ഭീകരാക്രമണ ശ്രമമെന്ന് സൂചന; കൊല്ലപ്പെട്ടയാള്‍ അള്ളാഹുവിന് വേണ്ടി മരിക്കുക എന്ന് വിളിച്ചു പറഞ്ഞതായി പ്രോസിക്യൂട്ടര്‍

പാരീസിലെ ഓര്‍ളി വിമാനത്താവളത്തില്‍ സൈനികയുടെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ച സംഭവം ഭീകരാക്രമണത്തിനുള്ള ശ്രമമായിരുന്നെന്ന് സൂചന. സൈനികയുടെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വെടിയേറ്റുമരിച്ചയാള്‍ 'അള്ളാഹുവിന് വേണ്ടി മരിക്കുക' എന്ന് വിളിച്ചുപറഞ്ഞതായി റിപ്പോര്‍ട്ട്. സിയാദ് ബെന്‍ ബെല്‍ഗാസെം എന്നയാളാണ് ഇന്നലെ വിമാനത്താവളത്തില്‍ വെടിയേറ്റുമരിച്ചത്. വെടിയേല്‍ക്കുന്നതിന് മുമ്പ് ഇയാള്‍ 'അള്ളാഹുവിന് വേണ്ടി മരിക്കുക' എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.


വിമാനത്താവളത്തിലെത്തിയ ഇയാള്‍ കൈയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ക്യാന്‍ വലിച്ചെറിഞ്ഞ ശേഷമാണ് വ്യോമസേനാംഗത്തിന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍കോയിസ് മോളിന്‍സ് പറഞ്ഞു. വ്യോമസേനാംഗത്തിന്റെ തലയില്‍ തന്റെ പിസ്റ്റള്‍ ചേര്‍ത്തുപിടിച്ച് മറ്റുള്ളവരെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നതിനിടെയാണ് വ്യോമസേനാംഗങ്ങള്‍ ഇയാളെ വെടിവെച്ചുകൊന്നത്.

സിയാദിന്റെ വസ്ത്രത്തില്‍ നിന്ന് ഖുറാനും 750 യൂറോയും പോലീസിന് ലഭിച്ചു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൊക്കെയ്‌നും വിദേശ കറന്‍സിയും കണ്ടെടുത്തു. ഇയാളുടെ പിതാവിനേയും സഹോദരനേയും മറ്റൊരു ബന്ധുവിനേയും അന്വേഷണോദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

39 വയസുള്ള സിയാദ് നേരത്തെ തന്നെ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. തീവ്ര മതാശയങ്ങള്‍ പിന്തുടര്‍ന്നുവന്ന ഇയാള്‍ മയക്കുമരുന്ന് കള്ളക്കടത്തിന് ജയിലില്‍ കിടന്നിട്ടുണ്ട്. വിമാനത്താവളത്തിലെ സംഭവവികാസത്തിന് മണിക്കൂറുകള്‍ മുമ്പ് ട്രാഫിക് പോലീസുകാരനെ വെടിവെച്ച് പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് ഒരു ബാറില്‍ കയറിയ സിയാദ് അവിടെയും വെടിവെയ്പ് നടത്തി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. അതിന് ശേഷം ഒരു കാര്‍ മോഷ്ടിച്ചാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയത്.