കേരളത്തിനെതിരെയും സിപിഐഎമ്മിനെതിരെയും കൊടും നുണയുടെ വിഷം ചീറ്റി സീ ടി.വി; വിവാദമായപ്പോൾ വാർത്ത മുക്കി

മലപ്പുറം ജില്ലയിലെ കാളികാവില്‍ ഡിവൈഎഫ്‌ഐ അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ദൃശ്യവും ശബ്ദവുമാണ് ചാനല്‍ തെറ്റായി ചിത്രീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ചാനല്‍ 'അവരുടേതായ വ്യാഖ്യാനം' നൽകി സംപ്രേഷണം ചെയ്തത്. കാറില്‍ നിന്ന് ഒരു സ്ത്രീയെ വലിച്ചിറക്കി വെടിവെച്ചുകൊല്ലുന്ന തെരുവുനാടക രംഗമായിരുന്നു ഇത്.

കേരളത്തിനെതിരെയും സിപിഐഎമ്മിനെതിരെയും കൊടും നുണയുടെ വിഷം ചീറ്റി സീ ടി.വി; വിവാദമായപ്പോൾ വാർത്ത മുക്കി

കേരളത്തിനെതിരെയും സിപിഐഎമ്മിനെതിരെയും കൊടും നുണയുടെ വിഷം ചീറ്റി സീ ടി.വി. തെരുവുനാടകത്തിലെ രംഗം കൊലപാതകമായി ചിത്രീകരിച്ച് സീ ടി.വി. സംപ്രേഷണം ചെയ്തത് വിവാദമായി. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഡിവൈഎഫ്‌ഐയുടെ തെരുവുനാടകത്തെ വളച്ചോടിച്ച്‌ 'നടുറോഡില്‍ കേരളത്തിലെ ഇടതുപക്ഷ മുസ്ലിംങ്ങള്‍ ആര്‍.എസ്.എസ് അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു' എന്ന വ്യാഖ്യാനം നൽകിയാണ് സംപ്രേഷണം ചെയ്തത്. ഇതേ തലക്കെട്ടോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

മലപ്പുറം ജില്ലയിലെ കാളികാവില്‍ ഡിവൈഎഫ്‌ഐ അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ദൃശ്യവും ശബ്ദവുമാണ് ചാനല്‍ തെറ്റായി ചിത്രീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ചാനല്‍ 'അവരുടേതായ വ്യാഖ്യാനം' നൽകി സംപ്രേഷണം ചെയ്തത്. കാറില്‍ നിന്ന് ഒരു സ്ത്രീയെ വലിച്ചിറക്കി വെടിവെച്ചുകൊല്ലുന്ന തെരുവുനാടക രംഗമായിരുന്നു ഇത്. സമൂഹമാധ്യമത്തില്‍ നിന്നാണ് ചിത്രങ്ങളെടുത്തതെന്നാണ് സീ ടി.വി ജീവനക്കാർ പറയുന്നത്.

വാര്‍ത്ത വിവാദമായതോടെ വാര്‍ത്ത ചാനല്‍ മുക്കി. അതേസമയം എം.ബി. രാജേഷ് എം.പി. ഉള്‍പ്പെടെയുള്ളവര്‍ ചാനലിനെതിരെ രംഗത്തുവന്നു. ഫെയ്‌സ് ബുക്കില്‍ രാജേഷ് ചാനലിന്റെ നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ജെ.എന്‍.യുവിലെ ദേശദ്രോഹ മുദ്രാവാക്യത്തിന്റെ വ്യാജ വീഡിയോ നിര്‍മിച്ചതും ഇതേ ചാനലാണെന്ന് രാജേഷ് കുറ്റപ്പെടുത്തി.

നാടകത്തിലെ പ്രധാന വേഷം അഭിനയിച്ചത് ഡി.വൈ.എഫ്.ഐ കാളികാവ് മേഖലാ സെക്രട്ടറി സി.ടി. സകരിയ്യയാണ്. ഗൗരി ലങ്കേഷിന്റെതുള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ക്കുപിന്നില്‍ ആര്‍.എസ്.എസ് എന്നാരോപിച്ച് സകരിയ്യ ആക്രോശിക്കുന്ന രംഗമാണ് ചാനല്‍ പ്രധാനമായി എടുത്ത് കാണിച്ചിട്ടുള്ളത്. തെരുവുനാടകത്തെ വളച്ചൊടിച്ച ടി.വി.ക്കെതിരെ ദേശീയ, സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് സി.ടി. സകരിയ്യ അറിയിച്ചു.