കേന്ദ്രത്തിലേക്ക് കണ്ണെറിഞ്ഞ് 'യോഗി' ഫാന്‍സ്; യോഗി ആദിത്യനാഥ് 2024-ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകുമെന്ന് പ്രചരണം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 'ഹര്‍ ഹര്‍ യോഗി' വിളികള്‍ ഉയര്‍ന്നിരുന്നു. നരേന്ദ്രമോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായപ്പോള്‍ രാജ്യത്തെങ്ങും പ്രവര്‍ത്തകര്‍ മുഴക്കിയ 'ഹര്‍ ഹര്‍ മോദി' മുദ്രാവാക്യത്തിന്റെ അതേ മാതൃകയില്‍. യോഗി ആദിത്യനാഥ് 2024 ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം അദ്ദേഹത്തിന്റെ അനുയായികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

കേന്ദ്രത്തിലേക്ക് കണ്ണെറിഞ്ഞ് യോഗി ഫാന്‍സ്; യോഗി ആദിത്യനാഥ് 2024-ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകുമെന്ന് പ്രചരണം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് 2024 ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം അനുയായികള്‍ തുടങ്ങികഴിഞ്ഞു. 2019-ല്‍ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ മുഖ്യപങ്ക് വഹിക്കുന്ന ആദിത്യനാഥ് അത് കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ മോദിയെക്കാള്‍ വളരുമെന്നാണ് അനുയായികള്‍ പറയുന്നത്. 44 വയസ്സുള്ള യോഗി ആദിത്യനാഥ് ഏഴ് വര്‍ഷം കഴിഞ്ഞ് കേന്ദ്രത്തിലെത്തിയാല്‍ 51 വയസ്സുള്ള പ്രധാനമന്ത്രിയെ ഇന്ത്യയ്ക്ക് കിട്ടുമെന്നുമാണ് ഗൊരഖ്പൂരിലെ യോഗി ഫാന്‍സിന്റെ പ്രതീക്ഷ.

നരേന്ദ്രമോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായപ്പോള്‍ 'ഹര്‍ ഹര്‍ മോദി' മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രചരണം.ഇന്നലെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മോദി വിളികള്‍ക്ക് സമാനമായ ' ഹര്‍ ഹര്‍ യോഗി' മുദ്രാവാക്യങ്ങളുയര്‍ന്നു. കാവി ധരിച്ചെത്തിയ ഇരുന്നൂറോളം സന്ന്യാസികള്‍ സത്യപ്രതിജ്ഞയുടെ ഓരോ വാചകം കഴിയുമ്പോഴും ' ജയ് ശ്രീറാം' വിളിക്കുന്നുണ്ടായിരുന്നു.

'ഗൊരഖ്‌നാഥ് മഠം വത്തിക്കാന്‍ പോലെയാണ്. ഇന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ യോഗി നാളെ രാജ്യം ഭരിക്കുമെന്നാണ് പ്രതീക്ഷ'-ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ മഹന്ത് മന്‍വേന്ദ്ര പറഞ്ഞു. ഉത്തരാഖണ്ഡിലെ പഞ്ചൂരാണ് യോഗി ആദിത്യനാഥിന്റെ ജന്മഗ്രാമം. അവിടെ കഴിയുന്ന അദ്ദേഹത്തിന്റെ പിതാവ് ആനന്ദ് സിംഗ് മകന് രാജ്യം മുഴുവന്‍ ഭരിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി ഉമാഭാരതിയടക്കം മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ മോദിയ്‌ക്കൊപ്പം യോഗിയുടെ പേര് കൂടി പറഞ്ഞതും അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. ഉരുപത്തിയൊന്നാം നൂറ്റാണ്ടിലെ വലിയ സന്തോഷം നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതും സഹോദരതുല്യനായ യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയതുമാണെന്നായിരുന്നു ഉമാ ഭാരതി പറഞ്ഞത്.ഈ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ച മുപ്പത് പേര്‍ക്കാണ് ബിജെപി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത്. അതില്‍ 12 പേരും യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു. കിഴക്കന്‍ യുപിയില്‍ ഏറെ സ്വാധീനമുള്ള യോഗി ആദിത്യനാഥ് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ്.