വിദ്വേഷ പ്രസംഗം: യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് ഹൈക്കോടതിയോട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ആദിത്യനാഥിന്റേതെന്ന് പറയുന്ന പ്രസംഗം അടങ്ങിയ സിഡി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചത്

വിദ്വേഷ പ്രസംഗം: യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട്  ചെയ്യാനാകില്ലെന്ന് ഹൈക്കോടതിയോട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിദ്വേഷ പ്രസംഗ കേസില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അലഹാബാദ് ഹൈക്കോടതിയില്‍ ഹാജരായ ചീഫ് സെക്രട്ടറി രാഹുല്‍ ഭട്‌നാഗര്‍ ആണ് യോഗിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്ന് അറിയിച്ചത്‌. 2007 ജനുവരി 27ന് ഒരു റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ആദിത്യനാഥിനെതിരെ കേസെടുത്തത്.

ആദിത്യനാഥ് അടക്കം അഞ്ച് പേര്‍ പ്രതിചേർക്കപ്പെട്ട കേസില്‍ വിചാരണ വൈകുന്നതിന്റെ കാരണം വിശദീകരിക്കാൻ രാഹുല്‍ ഭട്‌നാഗറിനെ കോടതി വിളിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാജരായപ്പോഴാണ് ചീഫ് സെക്രട്ടറി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്ന് അറിയിച്ചത്. യോഗിയുടേതെന്ന് പറയുന്ന പ്രസംഗം അടങ്ങിയ സിഡി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായി അദ്ദേഹം കോടതിയോട് പറഞ്ഞു. ഇക്കാരണത്താല്‍ ആദിത്യനാഥിനെ വിചാരണ ചെയ്യാനാകില്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചു.

ഗവണ്‍മെന്റിന്റെ നിലപാടിനെ നിയമപരമായി നേരിടുമെന്ന് കേസില്‍ പരാതിക്കാരായ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പെര്‍വേസ് പര്‍വേസ്, സാമൂഹ്യപ്രവര്‍ത്തകന്‍ ആസാദ് ഹ്യാത് എന്നിവര്‍ പറഞ്ഞു. ആദിത്യനാഥിന്റെ പ്രസംഗം ഗോരക്പൂരില്‍ സാമുദായിക ലഹളയുണ്ടാക്കിയതായി ആരോപിച്ചാണ് ഇവര്‍ കേസ് നൽകിയത്. 2008ല്‍ ആദിത്യനാഥിനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസിലെ സിഐഡിയാണ് അന്വേഷണം നടത്തിയത്. 2015ല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ സിഐഡി കേസില്‍ ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ അനുമതി തേടിയിരുന്നു.