യോഗി ആദിത്യനാഥിനു പുതിയ വസതി; നേതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണും വാച്ചും സമ്മാനം

നേതാക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണും വാച്ചും സമ്മാനം നല്‍കിയത് മുഖ്യമന്ത്രിയോ പാര്‍ട്ടിയോ എന്ന കാര്യം വെളിപ്പെടുത്താന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിലെ കാളിദാസ് മാര്‍ഗിലുള്ള അഞ്ചാം നമ്പര്‍ വീട്ടിലേക്ക് താമസം മാറുന്നതിന്റെ ചടങ്ങിലായിരുന്നു നേതാക്കള്‍ക്ക് പാരിതോഷികം നല്‍കിയത്.

യോഗി ആദിത്യനാഥിനു പുതിയ വസതി; നേതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണും വാച്ചും സമ്മാനം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് പത്തു ദിവസം പിന്നിട്ട യോഗി ആദിത്യനാഥ് പുതിയ വീട്ടിലേക്കു താമസം മാറി. ലഖ്‌നൗ കാളിദാസ് മാര്‍ഗിലെ അഞ്ചാം നമ്പര്‍ വസതിയിലേയ്ക്കാണ് യോഗി ആദിത്യനാഥ് താമസം മാറിയത്. ഔദ്യോഗിക വസതിയിലൊരുക്കിയ വിരുന്നില്‍ പാര്‍ട്ടി എംഎല്‍എമാരും നേതാക്കളും പങ്കെടുത്തു. സ്മാര്‍ട്ട് ഫോണും റിസ്റ്റ് വാച്ചും ഷാളും നോതാക്കള്‍ക്കു പാരിതോഷികമായി നല്‍കി.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷററുമാര്‍ എന്നിവര്‍ക്കാണ് സ്മാര്‍ട്ട്‌ഫോണും കാവി ഷാളും നല്‍കിയത്. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സെല്ലുകളുടേയും, മറ്റ് പാര്‍ട്ടി യൂണിറ്റുകളുടേയും ഭാരവാഹികള്‍ എന്നിവര്‍ക്ക് വെള്ളഷാളും റിസ്റ്റ് വാച്ചുമാണ് നല്‍കിയത്. മുഖ്യമന്ത്രിയാണ് നേതാക്കളെ യോഗത്തിലേക്കു ക്ഷണിച്ചത്.

എന്നാല്‍ നേതാക്കള്‍ക്കു പാരിതോഷികം നല്‍കിയത് ആരാണെന്നു പറയാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. പാരിതോഷികം നല്‍കിയതിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. തെരഞ്ഞെടുപ്പ് സെല്ലുകളുടെ പ്രവര്‍ത്തനത്തെ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു.

ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. അഞ്ചു തവണ ഗൊരക്പൂരില്‍ നിന്ന് യോഗി ആദിത്യനാത് ലോക്‌സഭായിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.‌