യുപിയില്‍ സമരത്തിനും നിരോധനം; യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധമുയരുന്നു

നിയമം ലംഘിച്ച് സമരം ചെയ്യുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു നിയമം വഴി സാധിക്കും. ആറ് വര്‍ഷം വരെ തടവുശിക്ഷയും ലഭിച്ചേക്കും.

യുപിയില്‍ സമരത്തിനും നിരോധനം; യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധമുയരുന്നു

ബീഫുള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ നിരോധിച്ചതിനുശേഷം ഉത്തര്‍പ്രദേശില്‍ സമരങ്ങള്‍ക്കും നിരോധനം. സംസ്ഥാനത്തെ യൂണിവേഴ്‌സ്റ്റികളിലും കോളേജുകളിലും അധ്യാപകരുടെയും ജീവനക്കാരുടെയും സമരമാണ് യോഗി സര്‍ക്കാര്‍ നിരോധിച്ചത്. എസ്മ അഥവാ അവശ്യ സേവന നിയമപ്രകാരമാണ് സര്‍ക്കാര്‍ വിജ്ഞാപനം. ജൂണ്‍ 30 വരെ നിരോധനം തുടരും.

സംസ്ഥാനത്തെ കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും സമരങ്ങള്‍ പൊതുതാല്‍പ്പര്യപ്രകാരം മൂന്നു മാസത്തേക്ക് നിരോധിച്ചിരിക്കുകയാണെന്നും എല്ലാവരും സഹകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ -സ്വകാര്യമേഖലകളിലായി 4000ത്തിലധികം കോളേജുകളാണുള്ളത്. സമരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സമരത്തിനും സര്‍ക്കാര്‍ നിരോധനമുണ്ട്. നിയമം ലംഘിച്ച് സമരം ചെയ്യുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു നിയമം വഴി സാധിക്കും. ആറു വര്‍ഷം വരെ തടവുശിക്ഷയും ലഭിച്ചേക്കും. ഭരണഘടനാ ലംഘനമെന്ന കുറ്റം ചുമത്തിയാകും കേസെടുക്കുക. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരേ ശക്തമായ പ്രക്ഷോഭമാണുയരുന്നത്.

നേരത്തെ അറവുശാല നിരോധനം നടപ്പിലാക്കിയത് ഏറെ വിവാദമായിരുന്നു. ആന്റി റോമിയോ സ്‌ക്വാഡിനെതിരേയും ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഇതൊന്നും വകവയ്ക്കാതെയാണ് യോഗി ആദിത്യനാഥ് പുതിയ നിരോധനവുമായി രംഗത്തെത്തിയിരിക്കുന്നത്.