'പട്ടാളക്കാരെ അപമാനിക്കുന്നവരെ വെടിവച്ച് കൊല്ലണം'; ഗൗതം ഗംഭീറിന് പിന്നാലെ കടുത്ത വിമർശനവുമായി ഗുസ്തിതാരം യോഗേശ്വർ ദത്ത്

പട്ടാളക്കാരനെ ആക്രമിക്കുന്ന വീഡിയോ കണ്ടപ്പോള്‍ ഒരുപറ്റം യുവാക്കള്‍ ഇന്ത്യയെ അപമാനിക്കുന്നതായാണ് തനിക്ക് തോന്നിയത്. ഇത്തരം ഘട്ടങ്ങളില്‍ സുരക്ഷാ സൈനികര്‍ക്ക് നടപടിയെടുക്കാൻ പൂർണ അധികാരം നല്‍കണമെന്ന് യോഗേശ്വര്‍ ദത്ത് പറഞ്ഞു

പട്ടാളക്കാരെ അപമാനിക്കുന്നവരെ വെടിവച്ച് കൊല്ലണം; ഗൗതം ഗംഭീറിന് പിന്നാലെ കടുത്ത വിമർശനവുമായി ഗുസ്തിതാരം യോഗേശ്വർ ദത്ത്

ശ്രീനഗറില്‍ സൈനികനെ യുവാക്കള്‍ ആക്രമിച്ച സംഭവത്തില്‍ പൊട്ടിത്തെറിച്ച് ഒളിംപിക് മെഡല്‍ ജേതാവും ഗുസ്തിതാരവുമായ യോഗേശ്വര്‍ദത്ത്. രാജ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരെയും സൈന്യത്തോട് അപമര്യാദയായി പെരുമാറുന്നവരെയും വെടിവെച്ച് കൊല്ലണമെന്നാണ് യോഗേശ്വര്‍ദത്തിന്റെ നിലപാട്. ഇക്കാര്യം ഒരു വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കശ്മീരില്‍ സംഭവിച്ചത് കടുത്ത അപരാധമാണ്. സിആര്‍പിഎഫ് ജവാന്മാര്‍ അപമാനിക്കപ്പെട്ടു. ക്രൂരമായ ആക്രമണമാണ് പട്ടാളക്കാരന് നേരിടേണ്ടിവന്നത്. അയാളുടെ ഹെല്‍മറ്റ് റോഡിലേക്ക് തെറിച്ചുവീണു. പട്ടാളക്കാരനെ ആക്രമിക്കുന്ന വീഡിയോ കണ്ടപ്പോള്‍ ഒരുപറ്റം യുവാക്കള്‍ ഇന്ത്യയെ അപമാനിക്കുന്നതായാണ് തനിക്ക് തോന്നിയതെന്നും ഇത് ദുഖകരമാണെന്നും യോഗേശ്വര്‍ പറഞ്ഞു.

വീഡിയോ പുറത്തുവന്ന സംഭവത്തില്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി യോഗേശ്വര്‍ദത്തും രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ സുരക്ഷാ സൈനികര്‍ക്ക് അധികാരം നല്‍കണം. അവരുടെ നടപടികളെ തടസപ്പെടുത്തുന്ന യാതൊരു തടസവും ഉണ്ടാകാന്‍ പാടില്ല- അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സൈനികരെ അടിക്കുന്ന ഓരോ അടിക്കും 100 ജിഹാദികള്‍ വീതം കൊല്ലപ്പെടണമെന്ന് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. ഗംഭീറിനൊപ്പം വീരേന്ദര്‍ സെവാഗും സംഭവത്തില്‍ പ്രതികരിച്ചിരുന്നു. ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിനിടെ യുവാക്കള്‍ തെരുവില്‍വച്ച് സിആര്‍പിഎഫ് ജവാന്മാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.