ശബ്ദവോട്ടിൽ വിശ്വാസം നേടി യെദ്യൂരപ്പ
17 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടർന്ന് ഇവരുടെ മണ്ഡലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാകും ഇനി നിര്‍ണായകമാകുക.
കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി ഭൂരിപക്ഷം തെളിയിച്ചു. 106 പേരുടെ പിന്തുണയോടെ ശബ്ദ വോട്ടോടെയാണ് യെദ്യൂരപ്പ വിശ്വാസം നേടിയത്. 17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിനാല്‍ നിയമസഭയുടെ ആകെ അംഗബലം 208 ആയി കുറഞ്ഞിരുന്നു. ഇതില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പക്ക് വേണ്ടിയിരുന്നത് 104 എംഎല്‍എമാരുടെ പിന്തുണയായിരുന്നു. ഒരു സ്വതന്ത്ര എംഎല്‍എയുടെ അടക്കം പിന്തുണയോടെ 106 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പക്ക് അനായാസം സാധിച്ചു.
കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികളിലെ 17 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടർന്ന് ഇവരുടെ മണ്ഡലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാകും ഇനി നിര്‍ണായകമാകുക. അതേസമയം, കർണാടക സ്പീക്കർ കെ ആർ രമേശ്കുമാർ രാജിവച്ചു. വിശ്വാസവോട്ട് നേടി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത്തോടെയാണ് സ്പീക്കര്‍ രാജിവെച്ചത്. സ്വമേധയാ സ്ഥാനം ഒഴിയുന്നുവെന്ന് രമേശ് കുമാർ പറഞ്ഞു.