യെച്ചൂരിയുടെ രാജ്യസഭാ സീറ്റ് കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു; പൊളിറ്റ് ബ്യൂറോയില്‍ സമവായമായില്ല

യെച്ചൂരി പാര്‍ലമെന്റില്‍ തുടരേണ്ടത് അനിവാര്യമാണെന്നു വ്യക്തമാക്കി ബംഗാളടക്കമുള്ള ചില സംസ്ഥാനഘടകങ്ങളും സിസിയിലെ അംഗങ്ങളും പിബിയ്ക്കു കത്തു നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ഇടപാടുകള്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നു കേരള ഘടകം നിലപാടെടുത്തു.

യെച്ചൂരിയുടെ രാജ്യസഭാ സീറ്റ് കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു; പൊളിറ്റ് ബ്യൂറോയില്‍ സമവായമായില്ല

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്തിയാക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തില്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ത്ഥിത്വം സംബന്ദിച്ച് ആശയക്കുഴപ്പം തുടരുന്നതിനാല്‍ വിഷയം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. അടുത്ത മാസം 23 മുതല്‍ 25 വരെയാണ് കേന്ദ്രകമ്മിറ്റി യോഗം.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോള്‍ യെച്ചൂരി പാര്‍ലമെന്റില്‍ തുടരേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി മറ്റു ചില സംസ്ഥാനങ്ങളും കേന്ദ്രകമ്മിറ്റിയിലെ ചില അംഗങ്ങളും പിബിയ്ക്കു കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായി തെരെഞ്ഞെടുപ്പ് ധാരണ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന് കേരളഘടകം ആവശ്യപ്പെട്ടു.

യെച്ചൂരിയുടേത് ഉള്‍പ്പെടെ ബംഗാളില്‍ നിന്നു രാജ്യസഭയിലേക്ക് ആറു സീറ്റുകളിലാണ് ഉടനെ ഒഴിവു വരുന്നത്. അംഗബലം നോക്കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനു അഞ്ചു പേരെയും കോണ്‍ഗ്രസിനു ഒരാളെയും ജയിപ്പിക്കാം. ആകെ 31 എംഎല്‍എമാരുള്ള ഇടതിനു തനിച്ചു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാകില്ല. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുള്ളതിനാല്‍ അവര്‍ക്കും തനിച്ചു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാകാത്ത സാഹചര്യമാണുള്ളത്.

യെച്ചൂരി ഇടതു സ്ഥാനാര്‍ത്ഥിയാണെങ്കില്‍ തങ്ങള്‍ മത്സരിക്കില്ലെന്നും യെച്ചൂരിയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ അവസരം ഉപയോഗിക്കണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. യെച്ചൂരിയുടെ കാലാവധി ആഗസ്റ്റിലാണ് അവസാനിക്കുന്നത്. മറ്റ് രണ്ട് സിപിഐഎം അംഗങ്ങളില്‍ തപന്‍ സിന്‍ഹയുടേത് അടുത്ത വര്‍ഷവും ഋതബ്രത ബാനര്‍ജിയുടേത് 2020ലും അവസാനിക്കും.