യെച്ചൂരിക്ക് രാജ്യസഭാ സീറ്റില്ല; ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പിബി തള്ളി

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം. യെച്ചൂരി മത്സരിക്കേണ്ടെന്ന് കേരള ഘടകം നിലപാടെടുത്തു. ആവശ്യമെങ്കില്‍ മാത്രം ഇക്കാര്യം വീണ്ടും കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നും പിബി യോഗം തീരുമാനിച്ചു.

യെച്ചൂരിക്ക് രാജ്യസഭാ സീറ്റില്ല; ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പിബി തള്ളി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ നിലപാടില്‍ ഉറച്ചു നില്‍ക്കും. ആവശ്യമെങ്കില്‍ മാത്രം ഇക്കാര്യം വീണ്ടും കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നും പിബി യോഗത്തില്‍ തീരുമാനമായി.

നിലവില്‍ പാര്‍ട്ടി മാനദണ്ഡം ലംഘിക്കാനില്ലെന്ന് യെച്ചൂരി വിശദീകരിച്ചു. വിജ്ഞാപനം വന്ന ശേഷം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും. മത്സരിക്കേണ്ടെന്ന് പിബിയില്‍ തീരുമാനമായതിനാല്‍ 23 മുതല്‍ 25 വരെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഇനി ചര്‍ച്ചയാകാനിടയില്ല.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോള്‍ യെച്ചൂരി പാര്‍ലമെന്റില്‍ തുടരേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി ചില സംസ്ഥാനങ്ങളും കേന്ദ്രകമ്മിറ്റിയിലെ ചില അംഗങ്ങളും പിബിയ്ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി തെരെഞ്ഞെടുപ്പ് ധാരണ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന് കേരളഘടകം ആവശ്യപ്പെട്ടു.

യെച്ചൂരിയുടേത് ഉള്‍പ്പെടെ ബംഗാളില്‍ നിന്നു രാജ്യസഭയിലേക്ക് ആറു സീറ്റുകളിലാണ് ഉടനെ ഒഴിവു വരുന്നത്. അംഗബലം നോക്കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനു അഞ്ചു പേരെയും കോണ്‍ഗ്രസിനു ഒരാളെയും ജയിപ്പിക്കാം. ആകെ 31 എംഎല്‍എമാരുള്ള ഇടതിനു തനിച്ചു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാകില്ല. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുള്ളതിനാല്‍ അവര്‍ക്കും തനിച്ചു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാകാത്ത സാഹചര്യമാണുള്ളത്.

യെച്ചൂരി ഇടതു സ്ഥാനാര്‍ത്ഥിയാണെങ്കില്‍ തങ്ങള്‍ മത്സരിക്കില്ലെന്നും യെച്ചൂരിയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ അവസരം ഉപയോഗിക്കണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. യെച്ചൂരിയുടെ കാലാവധി ആഗസ്റ്റിലാണ് അവസാനിക്കുന്നത്. മറ്റ് രണ്ട് സിപിഐഎം അംഗങ്ങളില്‍ തപന്‍ സിന്‍ഹയുടേത് അടുത്ത വര്‍ഷവും ഋതബ്രത ബാനര്‍ജിയുടേത് 2020ലും അവസാനിക്കും.


loading...