അഭിമുഖം മാത്രം പോര; എന്‍ എസ് യു പ്രസിഡന്റാകാന്‍ ഇനി കടുകട്ടി എഴുത്തുപരീക്ഷ പാസാകണം

എന്‍ എസ് യു നേതൃസ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെടാനുള്ള അഭിമുഖത്തിന് അവസരം ലഭിക്കണമെങ്കില്‍ കടുകട്ടിയായ എഴുത്ത് പരീക്ഷ പാസാകണം. ഇത്തവണ കോളേജ് യൂണിറ്റ് പ്രസിഡന്റിന് പോലും എന്‍ എസ് യു പ്രസിഡന്റാകാന്‍ അപേക്ഷിക്കാമെന്ന പ്രത്യേകതയുണ്ട്.

അഭിമുഖം മാത്രം പോര; എന്‍ എസ് യു പ്രസിഡന്റാകാന്‍ ഇനി കടുകട്ടി എഴുത്തുപരീക്ഷ പാസാകണം

ആളുകളെ ജോലിക്കെടുക്കുന്നതു പോലെ അഭിമുഖവും കൂടിക്കാഴ്ചയുമൊക്കെ നടത്തി നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍ എസ് യു) നേതൃസ്ഥാനത്തേക്ക് തെരഞ്ഞടുക്കുന്ന വിപ്ലവകരമായ രീതിക്ക് തുടക്കമിട്ടത് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍ ആ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തു. ഇതുപ്രകാരം ഇനി അഭിമുഖത്തിന് അവസരം ലഭിക്കണമെങ്കില്‍ കടുകട്ടിയായ എഴുത്ത് പരീക്ഷ പാസാകണം.

രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ അപേക്ഷകന്റെ നിലപാടും അറിവും പരിശോധിക്കാനാണ് എഴുത്തുപരീക്ഷ. ഇതിന് മുമ്പ് സംസ്ഥാന ഭാരവാഹികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ രാഹുല്‍ ഗാന്ധി അഭിമുഖം നടത്തിയായിരുന്നു എന്‍ എസ് എ പ്രസിഡന്റായി നിയമിച്ചിരുന്നത്. അതേസമയം ഇത്തവണ കോളേജ് യൂണിറ്റ് പ്രസിഡന്റിന് പോലും എന്‍ എസ് യു പ്രസിഡന്റാകാന്‍ അപേക്ഷിക്കാമെന്ന പ്രത്യേകതയുണ്ട്. എന്‍ എസ് യുവില്‍ അംഗമായി ഒരു വര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക് പരീക്ഷയെഴുതാം. ബയോഡാറ്റയടക്കം അപേക്ഷകരെ സംബന്ധിച്ച എല്ലാ വിവരങ്ങളും അപേക്ഷാ ഫോമില്‍ ഉള്‍പ്പെടുത്തണം. പ്രസിഡന്റായാല്‍ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉപന്യാസവും പരീക്ഷയിലുണ്ടാകും. രാജ്യം നേരിടുന്ന പ്രധാനപ്പെട്ട അഞ്ച് വിഷയങ്ങള്‍ പറയാനും അതിനുള്ള പരിഹാരം നിര്‍ദ്ദേശിക്കാനും ആവശ്യപ്പെടുന്ന ചോദ്യങ്ങളുമുണ്ടാകും.

പരീക്ഷയില്‍ ശരാശരിക്ക് മുകളില്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് രാഹുലുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കും. പരീക്ഷ നടത്തിപ്പിന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് നിയമിച്ചിട്ടുള്ളത്.