ആണ്‍കുട്ടിയുണ്ടാകാന്‍ സ്വന്തം സഹോദരനൊപ്പം കഴിയാനാവശ്യപ്പെട്ട ഭര്‍ത്താവിനെ യുവതി കൊന്നു

പല തവണ ഗര്‍ഭിണിയായ ഇവരെ പെണ്‍കുട്ടിയാണ് വയറ്റിലുള്ളതെന്നറിഞ്ഞ ഭര്‍ത്താവ് ബലമായി ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായി പരാതിയുണ്ട്.

ആണ്‍കുട്ടിയുണ്ടാകാന്‍ സ്വന്തം സഹോദരനൊപ്പം കഴിയാനാവശ്യപ്പെട്ട ഭര്‍ത്താവിനെ യുവതി കൊന്നു

ആണ്‍കുട്ടിയുണ്ടാകാന്‍ സ്വന്തം സഹോദരനൊപ്പം കഴിയാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. കുടുംബത്തിലെ ബിസിനസ് നോക്കി നടത്താന്‍ ആണ്‍കുട്ടി വേണമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് യുവതിയോട് സ്വന്തം സഹോദരനൊപ്പം കഴിയാനാവശ്യപ്പെട്ടത്. ഇവരെ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം പലതവണ ഗര്‍ഭഛിദ്രത്തിനും വിധേയയാക്കിയതായി പരാതിയുണ്ട്.

ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തിക്കൊടുത്ത ശേഷം കഴുത്തുഞെരിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. സ്വന്തം സഹോദരനൊപ്പം കഴിയാന്‍ തയ്യാറായില്ലെങ്കില്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം വേശ്യാലയത്തിന് കൈമാറുമെന്നും തന്നെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി ഇവര്‍ പോലീസിനോട് പറഞ്ഞു. രാത്രിയില്‍ വീട്ടില്‍ പാര്‍ട്ടിയുണ്ടായിരുന്നെന്നും അതിന് ശേഷം രാവിലെ ഭര്‍ത്താവ് മരിച്ചുകിടക്കുന്ന നിലയില്‍ കാണപ്പെടുകയാണുണ്ടായതെന്നാണ് യുവതി ആദ്യം പോലീസിനോട് പറഞ്ഞത്.

എന്നാല്‍ സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരാള്‍ ഇവരുടെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ചോദ്യം ചെയ്യലില്‍ അത് തന്റെ സഹോദരനാണെന്ന് യുവതി കുറ്റസമ്മതം നടത്തി. സഹോദരന്റെ സഹായത്തോടെയാണ് താന്‍ കൃത്യം നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. യുവതി ആദ്യം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും പോഷകാരക്കുറവിനെത്തുടര്‍ന്ന് നാല് വര്‍ഷം മുമ്പ് കുട്ടി മരിച്ചു. പിന്നീട് 2010ല്‍ വീണ്ടുമൊരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെ ഭര്‍ത്താവ് ക്രൂരമായി പീഡനം ആരംഭിക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് പല തവണ ഗര്‍ഭം ധരിച്ചെങ്കിലും ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടികളാണെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് നിര്‍ബന്ധമായി ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായി ഇവര്‍ പോലീസിനോട് പറഞ്ഞു.

എല്ലാ രാത്രിയിലും സ്വന്തം സഹോദരനൊപ്പം കഴിയാന്‍ തന്നെ നിര്‍ബന്ധിച്ച ഭര്‍ത്താവ് ഇരുവരും ബന്ധപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കാവല്‍ നില്‍ക്കുമെന്ന് പറയുകയും ചെയ്തതായി യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇവരുടെ സഹോദരനേയും അറസ്റ്റുചെയ്തു.