ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയുടെ പരസ്യ ശകാരമേറ്റ ഐപിഎസ് ഉദ്യോഗസ്ഥ ജനമധ്യത്തില്‍ കരഞ്ഞു

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ എംഎല്‍എ ഐപിഎസ് ഉദ്യോഗസ്ഥ അധികാരത്തിന്റെ അഹന്തയാണു കാണിച്ചതെന്നു പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയുടെ പരസ്യ ശകാരമേറ്റ ഐപിഎസ് ഉദ്യോഗസ്ഥ ജനമധ്യത്തില്‍ കരഞ്ഞു

ബിജെപി എംഎല്‍എ ശകാരിച്ചതിനെത്തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥ പൊതുജനമദ്ധ്യത്തിൽ കണ്ണീരൊപ്പി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് സംഭവം. മദ്യവിരുദ്ധ സമരക്കാരെ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് രാധാമോഹന്‍ ദാസ് അഗര്‍വാളെന്ന എംഎല്‍എ ചാരു നിഗം എന്ന വനിതാ ഐപിഎസുകാരിയെ അധിക്ഷേപിച്ചത്. ഗോരക്പൂര്‍ മണ്ഡലത്തിലെ കരീംനഗര്‍ മണ്ഡലത്തില്‍ നടന്ന മദ്യവിരുദ്ധ മാര്‍ച്ചിനിടെയാണ് സംഭവം.

സമരക്കാരില്‍ ചിലരെ നീക്കാന്‍ ശ്രമിച്ചതോടെ ക്ഷുഭിതനായ എംഎല്‍എ ശകാരവര്‍ഷം തുടങ്ങുകയായിരുന്നെന്ന് ചാരു നിഗം പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ചാരു നിഗം കണ്ണുകള്‍ തുടയ്ക്കുന്നത് കാണാം. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ എംഎല്‍എ ഐപിഎസ് ഉദ്യോഗസ്ഥ അധികാരത്തിന്റെ അഹന്തയാണു കാണിച്ചതെന്നു പറഞ്ഞു. തങ്ങളെ ഐപിഎസ് ഉദ്യോഗസ്ഥ ബലം പ്രയോഗിച്ചു നീക്കാന്‍ ശ്രമിച്ചെന്നു പ്രതിഷേധക്കാരില്‍ ചിലര്‍ പരാതിപ്പെട്ടപ്പോഴാണ് എംഎല്‍എ ക്ഷുഭിതനായത്.

എംഎല്‍എയുടെ ശകാരത്തിനൊടുവില്‍ ചാരു നിഗം കര്‍ച്ചീഫെടുത്ത് കണ്ണുകള്‍ തുടയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. എംഎല്‍എ മോശമായാണ് പെരുമാറിയതെന്ന് ചാരു നിഗം പിന്നീട് പറഞ്ഞു. "ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെയാണ് എംഎല്‍എ ജനക്കൂട്ടത്തിനു മുന്നില്‍ വച്ച് എന്നെ ശകാരിച്ചത്," അവര്‍ പറഞ്ഞു.